റോഡ് അറ്റകുറ്റപ്പണി: ഇന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം

കൊച്ചി: റോഡ് അറ്റകുറ്റപ്പണിക്ക് ദേശീയ പാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പുമടക്കമുള്ള ഏജന്‍സികള്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് വെള്ളിയാഴ്ച രാവിലെ സമര്‍പ്പിക്കാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. വിവിധ സ്ഥലങ്ങളിലെ റോഡ് നിര്‍മാണം, പൂര്‍ത്തിയാക്കിയ പണിയുടെ ശതമാനം, ചിത്രങ്ങള്‍ എന്നിവ സഹിതമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഹൈകോടതിയില്‍ നിലവിലുള്ള കേസില്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഈ മാസം 20ന് സത്യവാങ്മൂലം സമര്‍പ്പിക്കുക. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും പുറമെ കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, ഡി.എം.ആര്‍.സി, കെ.എം.ആര്‍.സി, ജിഡ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. 80 മുതല്‍ 90 ശതമാനം വരെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുമ്പോഴും ഇത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. തകര്‍ന്ന ജങ്ഷനുകളില്‍ പേവര്‍ ബ്ളോക്കുകള്‍ വിരിച്ചെങ്കിലും ഇതിന്‍െറ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കാത്തതു മൂലം പ്രയോജനം ലഭിക്കുന്നില്ല. മഴയുടെ പേരില്‍ റോഡ് അറ്റകുറ്റപ്പണി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കാനാകില്ളെന്ന് കലക്ടര്‍ വ്യക്തമാക്കി.പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കുമ്പളം ടോള്‍ പ്ളാസ എന്നിവിടങ്ങളില്‍ പേവര്‍ ബ്ളോക്കുകള്‍ വിരിക്കുന്നത് പൂര്‍ത്തിയായെന്നും അരികുകളുടെ കോണ്‍ക്രീറ്റിങ് മാത്രമാണ് ബാക്കിയെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. അരൂര്‍ പാലത്തിന്‍െറ അറ്റകുറ്റപ്പണിക്ക് 1.62 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കും. ഇടപ്പള്ളി ജങ്ഷന്‍, റെയില്‍വെ മേല്‍പ്പാലത്തിന്‍െറ അപ്രോച്ച് റോഡ് എന്നിവിടങ്ങളിലെ കുഴികള്‍ അടക്കുന്നത് പൂര്‍ത്തിയായി വരുകയാണെന്ന് ദേശീയപാത പൊതുമരാമത്ത് വിഭാഗം അറിയിച്ചു. കൊച്ചി - മധുര ദേശീയപാതയില്‍ കുണ്ടന്നൂര്‍, മരട് ഭാഗത്ത് പൈപ്ലൈന്‍ പണികള്‍ക്കായി വാട്ടര്‍ അതോറിറ്റി റോഡ് കുഴിച്ചത് വേണ്ട രീതിയില്‍ പുന$സ്ഥാപിച്ചിട്ടില്ല. ഇരുമ്പനം, കരിങ്ങാച്ചിറ ജങ്ഷനുകളിലെ കുഴികളടച്ച് ടാറിങ് നടത്തും. എം.ജി റോഡില്‍ ജോസ് ജങ്ഷന്‍ മുതല്‍ തേവര വരെയുള്ള ഭാഗത്തെ കുഴിയടക്കല്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കെ.പി.സി.സി ജങ്ഷന്‍ മുതല്‍ ചെന്നൈ സില്‍ക്സ് വരെയുള്ള ഭാഗത്ത് മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം അമ്പത് മീറ്ററൊഴികെയുള്ള ഭാഗം കുഴികളടച്ചതായി ഡി.എം.ആര്‍.സിയും വ്യക്തമാക്കി.എം.സി റോഡില്‍ കാലടി പാലം അപ്രോച്ച് റോഡില്‍ പേവര്‍ ബ്ളോക്കുകള്‍ വിരിച്ച് പ്രശ്നപരിഹാരമുണ്ടാക്കിയിട്ടുണ്ട്. പാലത്തിലെ കുഴികളടച്ച് റീടാര്‍ ചെയ്യുന്നതിന് ആറുമണിക്കൂറെങ്കിലും ഗതാഗതം തടയേണ്ടി വരും. ഇതിന് പ്രായോഗികമായ പോംവഴികള്‍ തേടി വരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അനുമതിയില്ലാതെ റോഡുകള്‍ കുഴിക്കുന്ന വകുപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.