മാന്നാര്‍ പഞ്ചായത്ത് ഭരണസമിതി കച്ചവടക്കാരില്‍നിന്ന് പിരിവ് നടത്തിയത് വിവാദമാകുന്നു

ചെങ്ങന്നൂര്‍: പൊതുമരാമത്ത് വകുപ്പിന്‍െറ അധീനതയിലെ റോഡിലെ കാന ശുചീകരിക്കുന്നതിന് മാന്നാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കച്ചവടക്കാരില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയത് വിവാദമാകുന്നു. മാന്നാര്‍-ബുധനൂര്‍-പുലിയൂര്‍ റോഡില്‍ സ്റ്റോര്‍മുക്ക് മുതല്‍ കിഴക്കോട്ട് ബസ് സ്റ്റാന്‍ഡിന് എതിര്‍വശം വരെ 100മീറ്റര്‍ ദൂരംവരുന്ന ഭാഗത്താണ് ഓട വൃത്തിയാക്കിയത്. ഇതിന് കച്ചവടക്കാരില്‍നിന്ന് 250 മുതല്‍ 1500 രൂപ വരെയാണ് വാങ്ങിയത്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, രണ്ട് മെംബര്‍മാര്‍ എന്നിവരാണ് പിരിവിന് നേതൃത്വം നല്‍കിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ലൈസന്‍സ് എടുത്തും തൊഴില്‍കരം നല്‍കിയുമാണ് ഓരോരുത്തരും കച്ചവടം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിന് ഓട വൃത്തിയാക്കുന്നതിന് പണം ചെലവഴിക്കാന്‍ വകുപ്പുണ്ട്. പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അടിയന്തര സാഹചര്യത്തില്‍ 10,000 രൂപവരെ തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാന്‍ കഴിയും. ഇതിനെല്ലാം പുറമെ രണ്ട് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ ഭാഗത്ത് ആരോഗ്യ ശുചിത്വമിഷന്‍െറ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പ്രവൃത്തി നടത്താമെന്നിരിക്കെയാണ് കടയുടമകളെ ബുദ്ധിമുട്ടിച്ചതെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഷാജി കല്ലംപറമ്പില്‍ ആരോപിച്ചു. പഞ്ചായത്തിന്‍െറ ആശീര്‍വാദത്തോടെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ അനധികൃതമായി മത്സ്യച്ചന്ത പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് വസ്തു ഉടമക്ക് നിത്യേന 500 രൂപ വീതമാണ് വാടക ഇനത്തില്‍ ലഭിക്കുന്നത്. ഇതിന്‍െറ പ്രവേശകവാടത്തിലാണ് മലിനജലവും മണ്ണും മറ്റും കാനക്കുള്ളില്‍ കെട്ടിക്കിടന്ന് കൊതുകകളുടെ പ്രജനനകേന്ദ്രമായി മാറിയത്. ഇതിന് സമീപത്തെ കെട്ടിടത്തില്‍ ബാങ്ക്, പൊതുമരാമത്ത് വകുപ്പിന്‍െറ രണ്ട് ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് മാനേജര്‍ പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് ഓട ശുചീകരണത്തിന് മുന്‍കൈയെടുത്തത്. പകുതിയിലേറെ ഭാഗത്ത് കാനക്ക് മുകളില്‍ സ്ളാബുകളില്ല. ഒരുദിവസം കൊണ്ട് ഓടയിലെ മണ്ണ് പുറത്തേക്ക് കോരിയിട്ടു. എന്നാല്‍, ഇവ ഇവിടെനിന്ന് മാറ്റാന്‍ ശ്രമമുണ്ടായില്ല. മഴ പെയ്തതോടെ ഇത് റോഡിലേക്ക് പരക്കുകയും തിരിച്ച് ഓടയിലേക്ക് എത്തുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.