വെല്ലുവിളിയുമായി മമ്മൂട്ടി ദുബൈയിലും മരം നട്ടു

ദുബൈ:  നടൻ മമ്മൂട്ടിയുടെ ‘മൈ ട്രീ ചാലഞ്ച്’ കടൽ കടന്ന് ദുബൈയിലുമത്തെി. മരങ്ങളോട് നാടെങ്ങും വെല്ലുവിളി മുഴങ്ങുമ്പോൾ മരങ്ങൾക്കു വേണ്ടിയുള്ള വെല്ലുവിളിയുമായി മമ്മൂട്ടി തുടങ്ങിയ ഉദ്യമത്തിന് ലഭിക്കുന്ന വൻ സ്വീകാര്യതക്കൊപ്പം ദുബൈയും അണിചേരുകയാണ് .താൻ ദുബൈയിലത്തെിയാൽ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാൻറ് ഹയാത്തിൻെറ മുറ്റത്ത് പുളിമരത്തൈ നട്ട് മമ്മൂട്ടി നയം വ്യക്തമാക്കി "ഇത് വെല്ലുവിളിയല്ല. വെല്ലുവിളി ഏറ്റെടുക്കാനുള്ള അപേക്ഷയാണ്. ഞാൻ പച്ചപ്പിൽ വിശ്വസിക്കുന്നു. പ്രകൃതിയുടെ നാശം കാരണം ഭൂഗോളം തന്നെ ഒരുപാട് ഭീഷണി നേരിടുന്നു. ഇതിനെതിരെ നാം ഉണരേണ്ട സമയമാണിത്".
ഹയാത്ത് ഗ്രൂപ്പിൻെറ മറ്റു ഹോട്ടലുകളും മമ്മൂട്ടിയുടെ മരം നടാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതായി ജനറൽ മാനേജ൪ ജോൺ ബവറേജ് പറഞ്ഞു. ദുബൈയിലെ പരിസ്ഥിതി വകുപ്പും മറ്റു പ്രകൃതി സ്നേഹികളും ഈ സദുദ്യമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  
മരുഭൂമിയിൽ പച്ചപ്പുണ്ടാക്കി അദ്ഭുതം കാട്ടുന്ന ദുബൈ സ൪ക്കാരിൻെറ ശ്രമങ്ങളെ ശ്ളാഘിച്ച മമ്മൂട്ടി  ഹരിതവൽക്കരണം ഇനിയും ഊ൪ജിതമാക്കിയാൽ മരുഭൂമിയെ വനമാക്കാമെന്ന് അഭിപ്രായപ്പെട്ടു.
പുതിയ ഉദ്യമത്തെക്കുറിച്ച് കേട്ടറിഞ്ഞ ദുബൈ സ൪ക്കാരിൻെറ ഭാഗമായ ഗ്രാൻറ് ഹയാത്ത് ഹോട്ടൽ അധികൃത൪ തന്നെ ബന്ധപ്പെടുകയായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു.  വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് പറഞ്ഞ് അവ൪ തനിക്ക് ഇ മെയിൽ അയച്ചു. ഈ സദുദ്യമത്തിന് ഇന്ത്യക്ക് പുറത്തും സ്വീകാര്യത ലഭിക്കുന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ തൈ നടൽ മൈ ട്രീ ചാലഞ്ചിൻെറ ആദ്യ അന്താരാഷ്ട്ര പ്രവേശമായി കാണാം. തമിഴ്നാട്ടിൽ താരങ്ങളായ സൂര്യയും വിജയും അവരുടെ ആരാധകരുമെല്ലാം മരം നടാനുള്ള വെല്ലുവിളി ഏറ്റെടുത്തുകഴിഞ്ഞു.  സാമൂഹിക, സാംസ്കാരിക പ്രവ൪ത്തകരും പ്രകൃതി സ്നേഹികളും അല്ലാത്തവരുമെല്ലാം മരം വെക്കുന്നതിൻെറയും നാട്ടിൽ പച്ചപ്പുണ്ടാകുന്നതിൻെറയും ആവശ്യകതയെപറ്റി ബോധവാൻമാരാവുകയും അവ൪ അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഇവരെ അനുകരിക്കാൻ സാധാരണക്കാരും ശ്രമിക്കും-മമ്മൂട്ടി പറഞ്ഞു. ഈ വെല്ലുവിളി സ്വീകരിക്കാൻ എല്ലാവരോടും അഭ്യ൪ഥിക്കുന്നു. ഏറ്റെടുത്തവരോട് നന്ദി പറയുന്നു.
ഇതൊരു മത്സരമോ യുദ്ധമോ അല്ല. നമ്മുടെ പ്രകൃതിക്കും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയാണ്. എല്ലാവരും മരം വെട്ടുന്നതിനെക്കുറിച്ചും ഭൂമി ഇടിയുന്നതിനെപ്പറ്റിയുമെല്ലാം പരാതി പറയുന്നതല്ലാതെ അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. ഭൂമിയുടെ സന്തുലിതാവസ്ഥ നിലനി൪ത്താൻ ഒരു പ്രവ൪ത്തനവും ആരും നടത്തുന്നില്ല. മരം വെട്ടരുത് എന്നു പറയുന്നതല്ലാതെ മരം വെച്ചുപിടിപ്പിക്കുന്നില്ല. മൂന്നേകാൽ കോടിയോളം ജനം കേരളത്തിലുണ്ട്. ഓരോരുത്തരും ഒരു മരം നട്ട് അതിനെ പരിരക്ഷിച്ചാൽ ആ മൂന്നേകാൽ കോടി മരം മതി കേരളത്തിന്. കേരളത്തിൽ എല്ലാവരും വലിയ ആവേശത്തോടെയാണ് ഈ പരിപാടി ഏറ്റെടുത്തിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സ്കൂൾ കുട്ടികളും സാംസ്കാരിക പ്രവ൪ത്തകരും സാഹിത്യകാരൻമാരും രാഷ്ട്രീയക്കാരും വരെ ഇതിന് പിന്തുണയുമായി വരുന്നുണ്ട്. എല്ലാവരെയും നമ്മൾ സമീപിക്കുന്നുണ്ട്. തൈ നട്ടാൽ മാത്രം പോര അവ സംരക്ഷിക്കാനും ശ്രമിക്കണം. എന്നാലേ കാര്യമുള്ളൂ. പൊതുസ്ഥലത്ത് മരം നടാൻ അനുമതി തരാമെന്ന് സ൪ക്കാ൪ സമ്മതിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി അറിയിച്ചു.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഐസ് ബക്കറ്റ് ചാലഞ്ചിൻെറ ചുവടുപിടിച്ചാണ് ഭൂമിക്കുവേണ്ടി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു ശ്രമം തുടങ്ങിയത്. ഷാറൂഖ്ാൻ, വിജയ്, സൂര്യ  എന്നിവരെ വെല്ലുവിളിച്ചാണ് മമ്മുട്ടി ട്രീ ചാലഞ്ചിന് വിത്തെറിഞ്ഞത്. ഇതിൻെറ പ്രചാരണത്തിനായി ആഗസ്റ്റ് 28ന് തുടങ്ങിയ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിന് ഇതിനകം ലഭിച്ച ലൈക്കുകൾ ഒന്നേകാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. നാടിൻെറ നാനാഭാഗങ്ങളിൽ ഇതിൻെറ ഭാഗമായി നടക്കുന്ന മരം നടലിൻെറ ചിത്രങ്ങളും വീഡിയോകളും ഈ പേജിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.