തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ടെന്‍ഡര്‍ നിലവില്‍ വന്നു

തൃക്കരിപ്പൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവൃത്തികളുടെ നടത്തിപ്പിന് ഇ-ടെന്‍ഡര്‍ ഉപാധി നിലവില്‍ വന്നു. അഞ്ചുലക്ഷത്തിന് മുകളില്‍ അടങ്കല്‍ തുകയുള്ള പ്രവൃത്തികള്‍ക്കാണ് ഇ-ടെന്‍ഡര്‍ അനിവാര്യമാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള അസി. എന്‍ജിനീയര്‍മാര്‍, ഇതര ജീവനക്കാര്‍ എന്നിവര്‍ക്ക് ഇതിനകം പരിശീലനം നല്‍കി. ലോകത്ത് എവിടെ നിന്നും ഇന്‍റര്‍നെറ്റ് വഴി ഇനി കരാറിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാം എന്നതാണ് പ്രധാന മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നടപടികളിലെ സുതാര്യതയാണ് മറ്റൊന്ന്. കരാര്‍ എടുക്കുന്നവര്‍ തമ്മിലുള്ള അനധികൃത ഒത്തുതീര്‍പ്പുകള്‍ അനുസരിച്ചായിരിക്കില്ല ഇനിയുള്ള ടെന്‍ഡര്‍ നടപടികള്‍. അതേസമയം, പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് നടപടി കാരണമായേക്കുമോ എന്ന ആശങ്കയും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ഉയരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഇ-ടെന്‍ഡര്‍ ചുരുങ്ങിയ പരിധി 15 ലക്ഷമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംഘടന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് പദ്ധതി ചെലവ് പരിധി ഉള്ളതായി ചൂണ്ടിക്കാട്ടിയായിരുന്നു ശ്രമം. എന്നാല്‍, പി.ഡബ്ള്യു.ഡി മുഴുവന്‍ ടെന്‍ഡറും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയതോടെ ഈ ശ്രമം നടപ്പായില്ല. വകുപ്പില്‍ ഇ-ടെന്‍ഡര്‍ മാത്രമേ സ്വീക രിക്കുന്നുള്ളൂവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇ-ടെന്‍ഡര്‍ നല്‍കുന്ന വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ പ്രത്യേക അക്കൗണ്ടിലാണ് ഓണ്‍ലൈനായി നിരതദ്രവ്യം അടക്കേണ്ടത്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇ-ടെന്‍ഡര്‍ ക്രമീകരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. സംവിധാനം നടപ്പാക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് തൃക്കരിപ്പൂര്‍. സെപ്റ്റംബര്‍ 15ന് ഇ-ടെന്‍ഡര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ 30ന് തുറന്ന് പരിശോധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.