സേവനപാതയില്‍ പുതിയ സംരംഭങ്ങളുമായി വിക്ടോറിയ ആശുപത്രി

കൊല്ലം: വിക്ടോറിയ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച നാലുനില കെട്ടിടത്തിന്‍െറയും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ലാബിന്‍െറയും ഉദ്ഘാടനം ഈമാസം 16ന് രാവിലെ 10.30ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. പി.കെ. ഗുരുദാസന്‍ എം.എല്‍.എ, എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.എന്‍. ബാലഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ എന്നിവര്‍ സംബന്ധിക്കും. എന്‍.ആര്‍.എച്ച്.എമ്മില്‍ നിന്ന് ഏഴ് കോടി മുടക്കി 1863 സ്ക്വയര്‍ മീറ്ററില്‍ അത്യാധുനിക സംവിധാനത്തോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പുതിയ ബ്ളോക്കിന്‍െറ ഒന്നും മൂന്നും നിലകളില്‍ വാര്‍ഡുകളും രണ്ടാംനിലയില്‍ ആധുനിക പ്രസവമുറിയും, നാലാംനിലയില്‍ പുതിയ ഓപറേഷന്‍ തിയറ്റര്‍ കോംപ്ളക്സും പോസ്റ്റ് ഓപറേഷന്‍ വാര്‍ഡുമാണ് സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ അഗ്നിശമന സംവിധാനവും ലിഫ്റ്റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്‍െറ അമ്മയും കുഞ്ഞും പദ്ധതിയുടെ കോര്‍പസ് ഗ്രാന്‍ായ 35 ലക്ഷം രൂപ മുടക്കിയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക സംവിധാനത്തോടെയുള്ള ലാബ് ക്രമീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററിന്‍െറ (ഡി.ഇ.ഐ.സി) ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വിവിധ വാര്‍ഡുകളിലായി 273 കിടക്കകളുള്ള ആശുപത്രിയിലെ ഒ.പിയില്‍ പ്രതിമാസ ശരാശരി 15500 ഉം, ഐ.പി 1300 ഉം പ്രതിമാസ ശരാശരി പ്രസവം 515മാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും പ്രസവമുറിയും നൂതന ഉപകരണങ്ങളോടുകൂടിയ ഓപറേഷന്‍ തിയറ്ററുമാണ് ആശുപത്രിയിലുള്ളത്. നവജാത ശിശുക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക ന്യൂബോണ്‍ കെയര്‍ യൂനിറ്റും 18 വയസ്സുവരെയുള്ളവരുടെ ജന്മവൈകല്യങ്ങള്‍, ബാല്യകാല രോഗങ്ങള്‍, എന്നിവക്ക് മതിയായ ചികിത്സ നല്‍കാനുള്ള ഡി.ഐ.ഇ.സി, മാനസിക-ശാരീരിക വൈകല്യം നേരിടുന്നവര്‍ക്കുള്ള ഓട്ടിസം ക്ളിനിക്, കൗമാരക്കാര്‍ക്ക് വേണ്ടി കൗമാര സൗഹൃദ ക്ളിനിക്, ഗര്‍ഭിണികളിലെ എച്ച്.ഐ.വി ബാധിതരെ നിര്‍ണയിക്കാനുള്ള ടെസ്റ്റും കൗണ്‍സലിങ്ങിനുമുള്ള എൈ.സി.റ്റി.സി ലാബും ശീതീകരണ സംവിധാനത്തോടെയുള്ള ഡ്രഗ്സ് സ്റ്റോറും ആശുപത്രിയിലുണ്ട്. എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ച് ഒ.പി കൗണ്ടര്‍, ടോയിലറ്റ്, വെയിറ്റിങ് ഏരിയ, ഇന്‍റര്‍കോം, പബ്ളിക് അഡ്രസിങ് സിസ്റ്റം തുടങ്ങിയവയും ഏര്‍പ്പെടുത്തി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്‍െറയും സംസ്ഥാന ആരോഗ്യവകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ ആരംഭിച്ച് പ്രത്യേക ന്യൂബോണ്‍ കെയര്‍ യൂനിറ്റ് വഴി 615 നവജാത ശിശുക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനായി. ഡി.ഐ.ഇ.സി വഴി 5000 ഓളം കുട്ടികള്‍ക്ക് സൗജന്യമായി മരുന്നുകളും മറ്റ് ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കി. ഓട്ടിസം ക്ളിനിക് വഴി ഓട്ടിസം ബാധിച്ച 128 കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യമുള്ള 272 കുട്ടികള്‍ക്കും വളര്‍ച്ചാമാന്ദ്യമുള്ള 108 കുട്ടികള്‍ക്കും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ പ്രവൃത്തിദിവസങ്ങളിലും ക്ളിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. വിക്ടോറിയിലെ വന്ധ്യതാ ക്ളിനിക് വഴി 161 രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. കൗമാര സൗഹൃദ ക്ളിനിക് വഴി 500 ഓളം കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും വിദഗ്ദചികിത്സയും നല്‍കാനായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ.ഷാജി, ഡോ.സബീന, മായാ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.