തോട്ടത്തില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ രണ്ട് മാസത്തിനകം നിര്‍വീര്യമാക്കും

പാലക്കാട്: പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ അധീനതയില്‍ മണ്ണാര്‍ക്കാടിനടുത്ത് തത്തേങ്ങലത്തുള്ള ഓഫിസില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ രണ്ട് മാസത്തിനകം നിര്‍വീര്യമാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതനുസിച്ചായിരുന്നു യോഗം. 314 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് രണ്ട് മാസത്തിനുള്ളില്‍ നിര്‍വീര്യമാക്കി നീക്കം ചെയ്യാനാണ് തീരുമാനം. സമീപവാസികളുടെ ആശങ്കയകറ്റി ബോധവത്കരിച്ച ശേഷമേ നിര്‍വീര്യമാക്കല്‍ ആരംഭിക്കുകയുള്ളൂവെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമാക്കിയ അതേ മാര്‍ഗമാണ് ഇവിടെയും സ്വീകരിക്കുകയെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു. മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഹമ്മദ് അഷറഫ്, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. മുഹമ്മദാലി, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.ബി. ബാലകൃഷ്ണന്‍, എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ഐഹല്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ശാസ്ത്രജ്ഞരായ ഡോ. ഷാഹുല്‍ ഹമീദ്, ഡോ. മുഹമ്മദ് നഹാസ്, ഡോ. രമിത്ത്, ഒറ്റപ്പാലം സബ് കലക്ടര്‍ നൂഹ് ബാവ, ഡിവൈ.എസ്.പി മുഹമ്മദ് കാസിം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.