സ്കൂള്‍ കെട്ടിടം പൊളിക്കുന്നത് പഞ്ചായത്ത് തടഞ്ഞു

പെരുമ്പടപ്പ്: പുന്നയൂര്‍ക്കുളം ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം പൊളിക്കാനുള്ള ഉടമയുടെ ശ്രമം പഞ്ചായത്ത് തടഞ്ഞു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടം കൈയേറി ഭാഗികമായി പൊളിച്ചു എന്ന് കാണിച്ച് സെക്രട്ടറി സ്വകാര്യ വ്യക്തിക്കെതിരെ വടക്കേകാട് പൊലീസില്‍ പരാതി നല്‍കി. ഉടമകളായ സഹോദരങ്ങള്‍ ഓഫിസിലത്തെി ബഹളം വെച്ചതായും പഞ്ചായത്ത് സെക്രട്ടറി കെ. തങ്കമണി പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പറമ്പിലുള്ള ഭാഗത്തെ കെട്ടിടം മാത്രം പൊളിച്ചെന്നാണ് സ്ഥലമുടമകളുടെ വാദം. പുന്നയൂര്‍ക്കുളം സ്വദേശികളായ സഹോദരങ്ങളുടെ 30 സെന്‍േറാളം സ്ഥലത്തെ വാടകക്കെട്ടിടത്തിലാണ് 90 വര്‍ഷത്തോളമായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 10 സെന്‍റ് ഭൂമിയും അതിലുള്ള കെട്ടിടവും പഞ്ചായത്ത് അടുത്തിടെ 15 ലക്ഷം നല്‍കി വാങ്ങിയിരുന്നു. കെട്ടിടം പുതുക്കിപ്പണിയാന്‍ അഞ്ചുലക്ഷം നീക്കിവെച്ചിട്ടുണ്ടെന്നും അതുവരെ സ്കൂള്‍ പൊളിക്കരുതെന്നും ഉടമയോട് ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍, ഇത് ലംഘിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ കെട്ടിടത്തിന്‍െറ ഓഫിസ് മുറി ഉള്‍പ്പെടെ പകുതി ഭാഗം പൊളിച്ചു. മഴവെള്ളം ക്ളാസ് മുറികളിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് ഇവിടം പഞ്ചായത്ത് അടച്ചുകെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഉടമ പണിക്കാരുമായി എത്തി ബാക്കി ഭാഗത്തെ ഓട് മാറ്റി സ്കൂള്‍ കെട്ടിടം പൊളിക്കാന്‍ തുടങ്ങുകയായിരുന്നു. പഞ്ചായത്ത് ഇടപെട്ടതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ഓഫിസും ക്ളാസ് മുറിയും ഉള്ള ഭാഗത്തെ ഓടാണ് ഇറക്കിയിട്ടുള്ളത്. മഴ പെയ്താല്‍ സ്കൂളിനകത്തേക്ക് വെള്ളം കയറും. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കെട്ടിടം അപകടാവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.