കുമ്മാട്ടികള്‍ മടങ്ങി; ഇനി പുലിക്കൊട്ടിന്‍െറ താളം

തൃശൂര്‍: തൃശൂരില്‍ രണ്ടുതരം മേളങ്ങള്‍ക്കാണ് സ്ഥാനം; പാണ്ടിയും പഞ്ചാരിയും നിറഞ്ഞ പൂരമേളത്തിനും നാലോണ നാളിലെ പുലിക്കൊട്ടിനും. പൂരമേളത്തിന് താളംപിടിക്കുന്നത് കൈകളാണെങ്കില്‍ പുലിക്കൊട്ടിന് താളംപിടിക്കുന്നത് അരമണികളാണ്. പൂരത്തോളം പഴക്കമില്ളെങ്കിലും പുലിക്കളി കാണാനും പുരുഷാരം നടുവിലാല്‍ ഗണപതിക്ക് മുന്നിലത്തെും. നഗരത്തിലെ കെട്ടിടങ്ങളിലും വഴിയോരങ്ങളിലും ക്ഷമയോടെ അവര്‍ കാത്തുനില്‍ക്കും. പൂരം കാണാന്‍ ചേലുള്ളൊരു കീഴ്വഴക്കമുണ്ട് തൃശൂരുകാരന്. ആ ചേല് തന്നെയുണ്ട് പുലിക്കളിക്കും. ആനയും പുലിയും ഒരുപോലെ ഉത്സവമാകുന്ന മറ്റൊരു ദേശം, ഒരു പക്ഷെ വേറെയെങ്ങും ഉണ്ടാവില്ല. ഘടകപൂരങ്ങളുമായി ആനകള്‍ വരുന്ന വഴിയേ നാലോണ നാളില്‍ കണ്ണും നട്ട് കാത്തിരിക്കുന്നത് പുലികള്‍ വരുന്നത് കാണാനാണ്. ഇലത്താളത്തിന്‍െറ ചിലമ്പലോടെ ചിട്ടയുള്ള ചെണ്ടക്കൊട്ട് കേള്‍ക്കുമ്പോഴേ കണ്ണുകളെല്ലാം ആ വഴിയിലേക്ക് തിരിയും. റൗണ്ടിന്‍െറ എവിടെ നിന്നാലും പൂരം കാണാമെന്നപോലെ ഈ ചുറ്റുവട്ടത്തില്‍ എവിടെ നിന്നാലും കാണാം പുലികളെ. എം.ജി റോഡ്, പാലസ് റോഡ്, നായ്ക്കനാല്‍ എന്നിങ്ങനെ നഗരത്തിലെ ഓരോ ഭാഗത്തുനിന്നും ചിട്ടയുള്ള ചുവടുകളുമായി എത്തും പുലിക്കൂട്ടങ്ങള്‍, പിന്നാലെ നിശ്ചലദൃശ്യങ്ങളും. ഓണാഘോഷത്തിന് വീട്ടിലേക്ക് ചേക്കേറുന്ന തൃശൂരുകാരന്‍ പിന്നെ പുറത്തിറങ്ങുക പുലികളോടൊപ്പമാണ്. നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങയുടച്ച് തുള്ളിത്തിമിര്‍ത്ത് നീങ്ങുന്ന പുലികള്‍ക്കൊപ്പമാണ് തൃശൂരിലത്തെിയ മാവേലി തിരിച്ചുപോവുകയത്രേ. പുലിവരകളും നൃത്തച്ചുവടും മാത്രമല്ല പുലിക്കളി. വലിയ ലോറികളില്‍ ആഴ്ചകള്‍ക്കു മുമ്പ് ഒരുക്കി തുടങ്ങുന്ന കെട്ടുകാഴ്ചകളും പുലിക്കളിയുടെ ഭാഗമാണ്. ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം ഈ കെട്ടുകാഴ്ചയുടെ ചന്തം കൂട്ടും. ആനച്ചമയങ്ങളെന്നപോലെ പുലിക്കളിക്കുമുണ്ട് ചമയങ്ങള്‍. ഇന്ന് ദേശങ്ങളിലേക്ക് ചെന്നു കാണുക. ഇവിടെ ആരും സ്വയം പുലികളാകുന്നില്ല. ഒരു ദേശം ഇവരെ പുലികളാക്കുന്ന കാഴ്ച കാണാം. രാത്രി മുഴുവന്‍ ദേഹത്തെ രോമങ്ങളെല്ലാം വടിച്ചു മാറ്റുന്ന ജോലി. രാവിലെ സൂര്യനുദിച്ചു വരുമ്പോഴേക്കും ദേഹത്ത് ആദ്യ ഘട്ട പെയിന്‍റ് അടിക്കും. പിന്നെ രണ്ട് ഊന്നുവടിയില്‍ കൈപിടിച്ച് അനുസരണയുള്ള പുലികളായി പെയിന്‍റ് ഉണങ്ങാനുള്ള കാത്തിരിപ്പ്. ഇതിനിടെ ഭക്ഷണം കഴിക്കുന്നത് പോലും ഒരു കാഴ്ചയാണ്. ആനയൂട്ടുപോലെ വേറിട്ട കാഴ്ച. ദേഹത്തെ പെയിന്‍റ് വലിഞ്ഞാല്‍ അടുത്ത ഊഴം വരകളുടേതാണ്. പുലിവരകള്‍ കണ്ടുനില്‍ക്കാനുമുണ്ട് ഒരു ചന്തം; പൂരത്തലേന്ന് കുളിപ്പിച്ചൊരുക്കി തേക്കിന്‍കാട്ടില്‍ നിരത്തി നിര്‍ത്തുന്ന ആനകളെ കാണുന്നതു പോലെ. ചേലുള്ള വര കണ്ടാല്‍ മനസ്സിലാകും വരക്കുന്നവരാണ് പുലിക്കളിയിലെ ‘പുപ്പുലി’കളെന്ന്. കലാകാരന്മാരുടെ വലിയൊരു കൂട്ടായ്മയാണ് പുലിക്കളിയുടെ നട്ടെല്ല്. വെറുതെ ചാടിയാല്‍ പുലിയാകില്ല. തൃശൂരിലെ പുലിയാകാന്‍ അതിന്‍െറ അച്ചടക്കം വേണം. ഒരേ താളത്തില്‍ ചുവടുവെക്കുന്നവരാണ് നല്ല പുലികള്‍. പുലികളാകാന്‍ സന്നദ്ധരായവരെ ചുവട് പഠിപ്പിക്കാന്‍ മുന്‍തലമുറക്കാരുണ്ട്. തിളക്കമുള്ള വര്‍ണങ്ങളെഴുതിയ വരയന്‍ പുലികള്‍, പുള്ളിപ്പുലികള്‍, കരിമ്പുലികള്‍, പുതിയ കാലത്തെ സ്വര്‍ണപ്പുലികള്‍... ചോരക്കണ്ണുകളുമായത്തെുന്ന പുലികളുടെ പുതുമ വര്‍ഷന്തോറും വലുതാവുകയാണ്. വെയിലാറിയാല്‍ ദേശങ്ങളില്‍ ഉത്സവം തുടങ്ങുകയായി. ചെണ്ടകളും താളവുമായി പുലികള്‍ കൂട്ടത്തോടെ വരവായി. വിസ്മയിപ്പിക്കുന്ന എന്തെല്ലാം ഒളിപ്പിച്ചുവെച്ചാണ് ഇത്തവണ പുലികള്‍ നിരക്കുന്നതെന്ന കാത്തിരിപ്പിന് ഇനി അധികം നീളമില്ല..... ഓണവിശേഷങ്ങള്‍ പങ്കുവെച്ച് നാടുചുറ്റി കുമ്മാട്ടിക്കൂട്ടങ്ങള്‍ മടങ്ങി. പ്രശസ്തമായ വടക്കുംമുറി കുമ്മാട്ടി സംഘങ്ങളാണ് ചൊവ്വാഴ്ച നാട് ചുറ്റാനിറങ്ങിയത്. കുട്ടിക്കൂട്ടങ്ങളും മുതിര്‍ന്നവരും കുമ്മാട്ടികള്‍കൊപ്പം ചേര്‍ന്നതോടെ നാട് ഉത്സവത്തിലായി. വിവിധ ക്ളബുകളുടെ നേതൃത്വത്തില്‍ കുമ്മാട്ടി മുഖങ്ങളുടെ പ്രദര്‍ശനവും നടന്നു. ശിവന്‍, കാട്ടാളന്‍, തള്ള, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണന്‍, പത്തുതലയുള്ള രാവണന്‍, ഗരുഢന്‍ എന്നിങ്ങനെ മുഖങ്ങള്‍വെച്ചാണ് പര്‍പ്പടകപുല്ല് ചുറ്റി കുമ്മാട്ടിക്കൂട്ടങ്ങളിറങ്ങിയത്. ഓണവിശേഷങ്ങള്‍ പങ്കുവെച്ച് രാത്രിവരെ കുമ്മാട്ടികള്‍ ഇടവഴികളിലൂടെ വീടുകള്‍ തോറും ചെന്നത്തെി. ഉത്രാടനാളില്‍ ആരംഭിച്ച കുമ്മാട്ടി മഹോത്സവത്തിന് നാലോണ നാളോടെ സമാപനമാകും. ചേലക്കോട്ടുകര ഋഷികുളമുറ്റം, ചേറൂര്‍, മരുതൂര്‍ ദേശക്കുമ്മാട്ടി, മുക്കാട്ടുകര ദേശക്കുമ്മാട്ടി, ഒല്ലൂക്കര പ്രണവം സാംസ്കാരിക വേദി കുമ്മാട്ടി എന്നിങ്ങനെ വിവിധ ദേശങ്ങളിലാണ് ചൊവ്വാഴ്ച കുമ്മാട്ടി ആഘോഷിച്ചത്. ശിങ്കാരിമേളം, കാവടി, തെയ്യം, തിറ, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.