തിരുവല്ല നഗരസഭാ പാര്‍ക്ക് കാടു കയറി നശിക്കുന്നു

തിരുവല്ല :15 ലക്ഷം രൂപ മുടക്കി അമ്പിളിജങ്ഷനില്‍ നഗരസഭ കുട്ടികള്‍ക്കായി നിര്‍മിച്ച പാര്‍ക്ക് കാടു കയറി നശിക്കുന്നു. ശ്രദ്ധിക്കാന്‍ ആളില്ലാത്തതും കുട്ടികള്‍ വരാതായതുമാണ് പാര്‍ക്ക് പൂര്‍ണമായും കാടു കയറി നശിക്കാന്‍ കാരണമായത്. കുട്ടികളുടെ കലാപരിപാടികള്‍ നടത്താന്‍ സ്റ്റേജും, വിശ്രമിക്കാന്‍ രണ്ട് വലിയ കുടകളും, കളിക്കാന്‍ രണ്ട് ഊഞ്ഞാലുകളും, രണ്ട് സീഡിങ്ങ് റൈഡും, സ്നാക്സ് പാര്‍ലറും എല്ലാം ഒരുക്കിയെങ്കിലും പാര്‍ക്കിലേക്ക് കുട്ടികള്‍മാത്രം എത്തുന്നില്ല. പാര്‍ക്കിനുള്ളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ആറ് തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. കിണര്‍ നിര്‍മിച്ച് മോട്ടോറും വാട്ടര്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതുമൂലം വെള്ളവും ലഭിക്കുന്നില്ല. പാര്‍ക്കിനുള്ളില്‍ കാടു കയറി കിടക്കുന്നതു മൂലം ഇഴജന്തുക്കളുടെ ശല്ല്യമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ കുട്ടികള്‍ ഇവിടെ വരാന്‍ ഭയപ്പെടുന്നു. നഗരസഭ നേരിട്ടായിരുന്നു പാര്‍ക്കിന്‍െറ പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്വകാര്യ വ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കി പാര്‍ക്കിന്‍െറ പ്രവര്‍ത്തനം ഏല്‍പ്പിക്കാമെന്ന അഭിപ്രായം കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിരുന്നെങ്കിലും ചിലരുടെ എതിര്‍പ്പുമൂലം നടന്നില്ല. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പാര്‍ക്കിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നഗരസഭ തയാറാകണമെന്നാണ് പൊതുജനം പറയുന്നത്. അതുമല്ളെങ്കില്‍ പാര്‍ക്കിന്‍െറ നിയന്ത്രണം ഏറ്റെടുത്ത് നടത്താന്‍ തയാറുള്ള സ്വകാര്യ വ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കി പാര്‍ക്കിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പൊതുജനാഭിപ്രായം. 2003 ല്‍ വര്‍ഗീസ് ജോണ്‍ ചെയര്‍മാനായിരുന്ന കാലത്താണ് പാര്‍ക്കിന്‍െറ ശിലാസ്ഥാപനം നടത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ചെയര്‍പേഴ്സണായിരുന്ന ഷീലാ വര്‍ഗീസ് ആണ് പാര്‍ക്കിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.