രാജ്യത്തെ ആദ്യ ഗ്രീന്‍സിറ്റിയായി കോട്ടയം; പാലായില്‍ സൗന്ദര്യവത്കരണം

കോട്ടയം: ടൂറിസം വികസനത്തിന്‍െറ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍സിറ്റിയായി കോട്ടയത്തിന് കേന്ദ്ര ടൂറിസം വകുപ്പിന്‍െറ അംഗീകാരം.കേന്ദ്ര ടൂറിസം വകുപ്പിന്‍െറ കീഴില്‍ ‘ഗ്രീനിങ് ഓഫ് കോട്ടയം’ എന്ന പദ്ധതി കേരള ലളിതകലാ അക്കാദമിയുടെ ചുമതലയില്‍ 89 കോടിരൂപയുടെ പദ്ധതികള്‍ നടപ്പാക്കും.ആദ്യഘട്ടമായി പാലാ നഗരത്തിന്‍െറ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. 15 കോടി രൂപ ചെലവഴിച്ച് പാലാ ടൗണില്‍ ഒമ്പത് പ്രധാന കമാനകവാടങ്ങള്‍ നിര്‍മിക്കും. പാലാ കുരിശുപള്ളിയുടെ യൂറോപ്യന്‍ നിര്‍മാണ ശൈലിയിലാണ് നഗരത്തിന്‍െറ എല്ലാ പ്രവേശകവാടങ്ങളും രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രശസ്ത ആര്‍ക്കിടെക്ടും ലളിതകലാ അക്കാദമി അംഗവുമായ ആര്‍.കെ. രമേശാണ് പാലാ നഗരത്തിന്‍െറ സൗന്ദര്യവത്കരണം സംബന്ധിച്ച രൂപരേഖ തയാറാക്കിയത്. പാലാ ബസ്സ്റ്റാന്‍ഡിനുസമീപത്തെ പുഴയോരത്താണ് പ്രധാന സൗന്ദര്യവത്കരണം. രണ്ടുപുഴകള്‍ സംഗമിക്കുന്ന ഭാഗത്ത് മനോഹരമായ തൂക്കുപാലം പുഴയുടെ തീരത്തുണ്ടാക്കുന്ന നടപ്പാതകളുമായി ബന്ധിപ്പിക്കും. ചെക്ക് ഡാം കെട്ടി പുഴയുടെ ജലവിതാനം ഉയര്‍ത്തി പുഴയിലൂടെ ഉല്ലാസ നൗകകളുടെ സഞ്ചാരം സുഗമമാക്കാനും പദ്ധതിയുണ്ട്. പുഴയോരം കാസ്റ്റ് അയണ്‍ കൈവരികളും കാല്‍വിളക്കുകളും സ്ഥാപിച്ചു മനോഹരമാക്കും.രാമപുരം ഉമാമഹേശ്വരി ക്ഷേത്രാങ്കണത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇലവീഴാപൂഞ്ചിറ എന്ന പദ്ധതിയുടെ ഭാഗമായ തീര്‍ഥാടന ടൂറിസം കേന്ദ്രം, രാമപുരം നാലമ്പലം, എന്‍.എന്‍.ഡി.പി ക്ഷേത്രം, കുറവിലങ്ങാട് പള്ളി, തങ്ങള്‍പാറ, ഇല്ലിക്കല്‍കല്ല്, മര്‍മല അരുവി എന്നിവിടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ചുമര്‍ചിത്രങ്ങളും ശില്‍പങ്ങളും നിര്‍മിച്ചു മനോഹരമാക്കും.ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായിട്ടാണ് കോട്ടയത്തെ ഗ്രീന്‍ സിറ്റിയായി കേന്ദ്ര ടൂറിസം വകുപ്പ് അംഗീകരിച്ചത്.വാര്‍ത്താസമ്മേളനത്തില്‍ ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു, അംഗങ്ങളായ ആര്‍.കെ. രമേശ്, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.