നഗരമധ്യത്തില്‍ ആളില്ലാത്ത വീട്ടില്‍ വീണ്ടും മോഷണം

കൊല്ലം: നഗരമധ്യത്തിലെ അടച്ചിട്ടിരുന്ന വീട്ടില്‍ വാതില്‍ പൊളിച്ച് വന്‍ കവര്‍ച്ച. ഡോളറും പണവും ഡയമണ്ട് ആഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമടക്കം ഏഴുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കടപ്പാക്കട പീപ്ള്‍സ് നഗര്‍ ചരുമഠത്തില്‍ നെല്‍സന്‍െറ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ ചിന്നമ്മ നെല്‍സണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മോഷണമെന്ന് കരുതുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ടു വജ്ര മോതിരങ്ങള്‍, രണ്ടുപവനോളം വരുന്ന രണ്ടു മാലയും ഒരു ജോടി കമ്മലും, അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,400 ഡോളര്‍, 30,000 രൂപ എന്നിവയാണ് കവര്‍ന്നത്. വീട്ടിനുള്ളിലെ സാധനസാമഗ്രികളും തുണിത്തരങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. അടുക്കളയിലടക്കം മോഷ്ടാക്കള്‍ കയറിയിറങ്ങിയതിന്‍െറ തെളിവുകളുണ്ട്. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് ചിന്നമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഭര്‍ത്താവും ആശുപത്രിയിലായിരുന്നു. വീട് പൂട്ടിയിട്ടശേഷം രണ്ടു ജോലിക്കാരും ഇവര്‍ക്കൊപ്പം ആശുപത്രിയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനുണ്ടെങ്കിലും ബുധനാഴ്ച അയാള്‍ ജോലിക്ക് വന്നിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ആശുപത്രിയില്‍നിന്ന് നെല്‍സണ്‍ വീട്ടിലത്തെിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വശത്തെ വാതിലിന്‍െറ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. മുന്‍ഭാഗത്തെ രണ്ടാമത്തെ വാതില്‍ തല്ലിത്തകര്‍ത്ത നിലയിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നെല്‍സണ്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നിലെ വാതിലും തുറന്നിട്ട നിലയിലായിരുന്നു. ലാപ്ടോപ്, ഐഫോണ്‍, ഐപാഡ് എന്നിവയെല്ലാം ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടില്ല. രണ്ടാംനിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചആഭരണങ്ങളാണ് മോഷ്ടിച്ചത്. പരിസരത്ത് രാത്രി 10വരെ വാഹനങ്ങളും മറ്റും ഉണ്ടായിരുന്നതിനാല്‍ അതിനുശേഷമായിരിക്കണം മോഷണം നടന്നത്. വീട് പുറത്തുനിന്നായിരുന്നു പൂട്ടിയിരുന്നത്. ആളില്ലാത്ത വിവരം മുന്‍കൂട്ടി അറിഞ്ഞവരായിരിക്കണം മോഷ്ടാക്കളെന്നാണ് പൊലീസിന്‍െറ നിഗമനം. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അമേരിക്കയിലായിരുന്ന നെല്‍സണും ഭാര്യയും ഒരുമാസംമുമ്പാണ് നാട്ടിലത്തെിയത്. രണ്ടാഴ്ചക്കിടെ നഗരത്തില്‍ ആളില്ലാത്ത വീട്ടില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. പോളയത്തോടിനു സമീപത്തെ വീട്ടില്‍ നടന്ന മോഷണമാണ് ആദ്യസംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.