മലപ്പുറത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ലയാക്കുന്നു

മലപ്പുറം: സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം നേടിയ ജില്ലയാക്കി മലപ്പുറത്തെ മാറ്റാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ‘അതുല്യം’ പദ്ധതിയിലൂടെയാണ് മലപ്പുറത്തെ 2015 ഏപ്രിലിലോടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ലയാക്കാന്‍ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. ആദ്യഘട്ടമായി പഞ്ചായത്ത്-വാര്‍ഡ് തല സമിതികള്‍ രൂപവത്കരിക്കും. സെപ്റ്റംബര്‍ 22നും 27നുമിടയില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സമിതി രൂപവത്കരിക്കാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും സാക്ഷരതാ പ്രേരക് കണ്‍വീനറുമായാണ് സമിതി. പഞ്ചായത്ത് അംഗം അധ്യക്ഷനായാണ് വാര്‍ഡുകളില്‍ സമിതിഉണ്ടാക്കുക. കുടുംബശ്രീ-ഐ.സി.ഡി.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി അതതിടങ്ങളിലെ നാലാം തരം ജയിക്കാത്തവരെ കണ്ടത്തെും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും 10 ലക്ഷവും നഗരസഭകള്‍ക്ക് മൂന്നു ലക്ഷവും ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷവും ചെലവഴിക്കാം. പഠിതാക്കള്‍ക്ക് നല്‍കുന്ന പഠനോപകരണങ്ങളുടെ ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടത്തൊനും പദ്ധതിയുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്‍ അംഗം സലീം കുരുവമ്പലം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി. ജല്‍സീമിയ, ബ്ളോക്ക് പഞ്ചായത്ത് അസോ. ജില്ലാ സെക്രട്ടറി എം. അബ്ദുല്ലക്കുട്ടി, പഞ്ചായത്ത് അസോ. ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, കുടുംബശ്രീ മിഷന്‍ കോ ഓഡിനേറ്റര്‍ മുഹമ്മദ് ഇസ്മയില്‍, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.കെ. ജയന്തി, ഡയറ്റ് സീനിയര്‍ ലെക്ചറര്‍ സുബ്രഹ്മണ്യം, സ്പിന്നിങ് മില്‍ ചെയര്‍മാന്‍ എം.എ. ഖാദര്‍, സാക്ഷരതാ മിഷന്‍ കോ ഓഡിനേറ്റര്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.