പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി

കൊച്ചി: നഗരസഭാ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലത്തെി കുത്തിയിരിപ്പ് സമരം നടത്തി. വ്യാഴാഴ്ച രാവിലെ 11.30 ഓടെ ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ജര്‍മന്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ മുദ്രാവാക്യം വിളികളോടെ ഏഴോളം പേരടങ്ങുന്ന പ്രതിഷേധക്കാര്‍ മേയറുടെ ചേംബറിലേക്ക് ഇരച്ചു കയറുകയായിരുന്നു. ചേംബറില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച അംഗങ്ങളോട് ചര്‍ച്ച കഴിഞ്ഞിട്ട് സംസാരിക്കാം എന്ന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ അഡ്വ. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ച് അഭ്യര്‍ഥന നടത്തിയതിനെ തുടര്‍ന്ന് സംഘം മുറിയില്‍നിന്ന് പുറത്തിറങ്ങി. എന്നാല്‍, പുറത്ത് മേയറുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് തുടര്‍ന്നു. ‘ആദ്യം റോഡ്, പിന്നെ ബോട്ട്’ എന്ന മുദ്രാവാക്യങ്ങളോടെ പ്രതിഷേധം തുടരവെ ചേംബറിനുള്ളിലെ ചര്‍ച്ച പിന്നെയും തടസ്സപ്പെട്ടു. ഇതിനിടെ മേയര്‍ വീണ്ടും പുറത്തിറങ്ങി ചര്‍ച്ച കഴിയുന്നത് വരെ മുദ്രാവാക്യം വിളി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചര്‍ച്ച അവസാനിക്കുന്നത് വരെ അംഗങ്ങളെല്ലാം നിശ്ശബ്ദരായി മുറിക്ക് മുന്നില്‍ കുത്തിയിരുന്നു. ചര്‍ച്ച അവസാനിപ്പിച്ച് സമരക്കാരുടെ ഇടയിലൂടെയാണ് ജര്‍മന്‍ ബാങ്ക് അധികൃതര്‍ പോയത്. റോഡുകളെല്ലാം തകര്‍ന്നു കിടക്കുമ്പോള്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് മേയര്‍ കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍, സെപ്റ്റംബര്‍ അഞ്ചിനുള്ളില്‍ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നാല്‍, ഇതു വരെ അറ്റകുറ്റപ്പണി പോലും പൂര്‍ത്തികരിക്കാന്‍ ആയിട്ടില്ളെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, അറ്റകുറ്റപ്പണി മഴ കാരണം മുടങ്ങിപ്പോയതാണെന്ന് മേയര്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ നഗരസഭക്ക് അധികാരമുള്ള എല്ലാ റോഡുകളുടെയും ടാറിങ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴയും വെള്ളക്കെട്ടും മൂലം പ്രവൃത്തികള്‍ തടസ്സപ്പെടുന്ന കാര്യം പരിഗണിക്കാതെയാണ് പലരും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതും പ്രതിഷേധം നടത്തുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.