ഉത്രാടത്തിന് മുമ്പേ നഗരത്തില്‍ ഓണപ്പാച്ചില്‍

തൃശൂര്‍: ഉത്രാടത്തിന് മുമ്പേ നഗരത്തില്‍ ഓണപ്പാച്ചിലിന്‍െറ തിരക്ക്. പൊടിപൊടിക്കുന്ന കച്ചവടത്തിനൊപ്പം ഇടക്കിടെ പെയ്ത മഴയും ഒന്നിച്ചതായിരുന്നു ഞായറാഴ്ച നഗരത്തിലെ ഓണക്കാഴ്ച. അടുത്ത ഞായറാഴ്ചയാണ് ഓണം. അതിനാല്‍ എല്ലാവര്‍ക്കും അവധിയായ ഇന്നലെയാക്കി പലരും ഉത്രാടപ്പാച്ചില്‍. ഓണക്കോടിയെടുക്കാന്‍ കുടുംബസമേതം എത്തിയവരും വില്‍പനക്കാരും ഒത്തൊരുമിച്ചപ്പോള്‍ ഉത്രാടത്തിന്‍െറ തിരക്കു തന്നെയായി. ഫുട്പാത്തുകളിലൂടെ നടക്കാന്‍ കഴിയാത്ത സ്ഥിതിയായി ഉച്ചമുതല്‍. സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും ശക്തനിലേക്കുള്ള നടപ്പാതകളിലും നാനാതരം ഉല്‍പന്നങ്ങളുമായി വഴിയോരവിപണി സജീവമായി. ചട്ടിയും കലവും മുതല്‍ ഓണക്കോടിയും തൃക്കാക്കരയപ്പനും കടലാസ് പൂക്കളും എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ഉല്‍പന്നങ്ങളുമായി കച്ചവടം തകര്‍ത്തു. വന്‍കിട വസ്ത്ര, ഗൃഹോപകരണ വ്യാപാര സ്ഥാനങ്ങളും ജ്വല്ലറികളും അവധി ഒഴിവാക്കി തുറന്നുപ്രവര്‍ത്തിച്ചു. അവിടെയും തിരക്കു തന്നെ. വിഭവങ്ങള്‍ കുറവെങ്കിലും ശക്തനിലെ മെട്രോ പീപ്പിള്‍സ് ബസാറിലും ഓണവിഭവങ്ങള്‍ ചുരുങ്ങിയ വിലയില്‍ വാങ്ങാനത്തെിയവരുടെ നീണ്ട നിരയുണ്ടായി. വാങ്ങിവെക്കാന്‍ കഴിയുന്ന പച്ചക്കറികളെല്ലാം ശേഖരിക്കാനുള്ള തിരക്കായിരുന്നു ശക്തന്‍ മാര്‍ക്കറ്റില്‍. മാര്‍ക്കറ്റിലെ കായവിപണി ഞായറാഴ്ചയോടെ ഉണര്‍ന്നു. വൈകീട്ടോടെ വിവിധ സ്ഥലങ്ങളില്‍നിന്നും കായക്കുലകള്‍ കയറ്റി ലോറികളത്തെിത്തുടങ്ങി. ഓണവിപണിയിലേക്കായി വാഴക്കുലകള്‍ വെട്ടിത്തുടങ്ങുന്നത് ഈ ആഴ്ചയിലാണ്. ഇതില്‍ പ്രധാനമാണ് തിങ്കളാഴ്ചത്തെ വിപണി. തോട്ടങ്ങളിലും ഞായറാഴ്ച വാഴക്കുലകള്‍ മുറിച്ചു തുടങ്ങി. നാടന്‍ ഇനങ്ങളായ ചെങ്ങാഴിക്കോടന്‍, നെടുനേന്ത്രന്‍, വയനാടന്‍, മുതലായവയും തമിഴ്നാട്ടില്‍നിന്ന് വരുന്ന പുളിയംപെട്ടിയുമാണ് വിപണിയില്‍ കൂടുതല്‍. നാടന്‍ ഇനങ്ങള്‍ കിലോക്ക് 47 മുതല്‍ 55 രൂപ വരെയും വരവു കായക്ക് 48 രൂപയും പഴത്തിന് 60 രൂപയുമായിരുന്നു മൊത്തവിപണിയിലെ ഞായറാഴ്ചത്തെ വില. ഈ ആഴ്ച മധ്യത്തോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉപ്പേരിവറക്കാന്‍ വയനാടന്‍ കായക്കാണ് ആവശ്യക്കാര്‍. ശക്തന്‍ മാര്‍ക്കറ്റിലെ 30 കടമുറികളിലായി നേന്ത്രക്കായയും 13 കടമുറികളിലായി നേന്ത്രപ്പഴവും വില്‍പന നടക്കുന്നുണ്ട്. കുടുംബശ്രീ ഉല്‍പന്നങ്ങളും വിപണിയില്‍ സജീവമാണ്. തേക്കിന്‍കാട് മൈതാനിയിലെ സരസ് മേളയിലും ഞായറാഴ്ച വന്‍തിരക്കനുഭവപ്പെട്ടു. സ്വദേശി വിഭവങ്ങളും ഇതര സംസ്ഥാന ഉല്‍പന്നങ്ങളുമായി കച്ചവടം തിരക്കിലമര്‍ന്നു. വൈകീട്ടോടെ മഴയത്തെിയത് വഴിയോര കച്ചവടക്കാരെ വലച്ചു. സ്കൂളുകള്‍ ഓണാവധിക്ക് അടക്കുന്നതോടെ വരുംദിവസങ്ങളില്‍ കൂടുതല്‍ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.