ചെലവ് കുറഞ്ഞ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്‍ ഇന്നു മുതല്‍

ജിദ്ദ: രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങൾക്ക് ആശ്വാസമേകുന്ന ചെലവ് കുറഞ്ഞ ആഭ്യന്തര ഹജ്ജ് സ൪വീസിനുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം ഒൗദ്യോഗിക വക്താവ് ഹാതിം ഖാദി പറഞ്ഞു. മൊത്തം 42,000ഓളം സീറ്റുകളാണ് വിവിധ ആഭ്യന്തര ഹജ്ജ് സ൪വീസ് സ്ഥാപനങ്ങൾക്ക് ഈയിനത്തിൽ വീതം വെച്ചു നൽകിയിരുക്കുന്നതെന്നും ചെലവ് കുറഞ്ഞ ഹജ്ജിന് സേവനങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് 2500 റിയാൽ മുതൽ 5000 റിയാൽ വരെയാണ് ഈടാക്കുക. തിങ്കളാഴ്ച അതിരാവിലെ ആരംഭിക്കുന്ന ഓൺലൈൻ രജിസ്ട്രേഷനിൽ അപേക്ഷ സമ൪പ്പിച്ച് കഴിഞ്ഞാൽ രണ്ട് ദിവസങ്ങൾക്കകം ഫീസ് അടക്കുകയും അടുത്ത 48 മണിക്കൂറിനുള്ളിൽ അനുമതി പത്രം കൈപറ്റുന്നതടക്കമുള്ള തുട൪ നടപടികൾ പൂ൪ത്തിയാക്കുകയും വേണം. അനുവദിച്ച സമയപരിധിക്കുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂ൪ത്തിയാക്കിയിരിക്കണമെന്ന് ഹജ്ജ് മന്ത്രാലയം ഓ൪മിപ്പിച്ചു.
ആഭ്യന്തര ഹാജിമാരിൽ വരുമാനം കുറഞ്ഞവ൪ക്ക് ഹജ്ജിനുള്ള സൗകര്യം നൽകുന്നതാണ് സൗദി ഹജ്ജ് മന്ത്രാലയം അനുവദിച്ച ‘ഹജ്ജ് കുറഞ്ഞ ചിലവിൽ’ പദ്ധതി.
ഇതുപ്രകാരം സ്വദേശികൾക്കും വിദേശികൾക്കും ഹജ്ജ് മന്ത്രാലയത്തിൻെറ വൈബ്സൈറ്റിൽ പേര് റജിസ്റ്റ൪ ചെയ്യാം. എന്നാൽ നിശ്ചിത ദിവസത്തിനകം അന്വേഷണം നടത്താത്തവരുടെ രജിസ്ട്രേഷൻ കാൻസലാകുകയും പകരം സീറ്റ് മറ്റൊരാൾക്ക് അനുവദിക്കുകയും ചെയ്യും.
ഹജ്ജ് മന്ത്രാലയത്തിൻെറ വൈബ്സൈറ്റിൽ കഴിഞ്ഞ ദിവസം പരീക്ഷണാ൪ഥം രജിസ്ട്രേഷൻ സംവിധാനം തുറന്നപ്പോൾ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ 1200 അപേക്ഷകൾ ലഭിച്ചു. രജിസ്ട്രേഷൻ വിവരങ്ങൾ തുട൪ നടപടികൾക്കായി വെബ് പ്രോഗ്രാമിൽ ‘സേവ്’ ചെയ്തിട്ടുണ്ട്. ചെലവ് കുറഞ്ഞ ഹജ്ജ് രജിസ്ട്രേഷന് അനുമതി ലഭിച്ച സ്ഥാപനങ്ങളായിരിക്കും തുട൪നടപടികൾ സ്വീകരിക്കുക.
ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾ ചെലവ് കുറഞ്ഞ ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. കുറഞ്ഞ വരുമാനക്കാരായ സ്വദേശി തീ൪ഥാടക൪ വ൪ധിച്ച തോതിൽ ചെലവ് കുറഞ്ഞ ഹജ്ജിനുള്ള അവസരം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.  
ആകെ 42,000 ത്തോളമുള്ള സീറ്റുകൾ ഹജ്ജ് മന്ത്രാലയം 53 ഓളം ഹജ്ജ് സേവന സ്ഥാപനങ്ങൾക്കാണ് വീതിച്ച് നൽകിയിട്ടുള്ളത്. പുതിയ പദ്ധതിപ്രകാരം അപേക്ഷിക്കുന്നവ൪ക്ക് ഹജ്ജ് ചിലവിൽ 50 ശതമാനത്തോളം കുറവുണ്ടാകും.
 എന്നാൽ വിവിധ കാറ്റഗറികളാക്കി തിരിച്ചതല്ലാതെ ചെലവ് കുറഞ്ഞ ഹജ്ജ് അപേക്ഷക൪ക്ക് ലഭിക്കാനിടയുള്ള സേവനങ്ങളെക്കുറിച്ച വിശദീകരണങ്ങൾ ഹജ്ജ് സ്ഥാപനങ്ങൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.