ട്രാഫിക് പരിഷ്കാരം: ഇന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഉടമകള്‍

കോഴിക്കോട്: നഗരത്തില്‍ പുതുതായി നടപ്പാക്കിയ ട്രാഫിക് പരിഷ്കാരത്തിനെതിരെ തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, സമരത്തില്‍ പങ്കെടുക്കില്ളെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ടുനിന്ന് എടവണ്ണപ്പാറ, മാവൂര്‍, അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, നരിക്കുനി, കുന്ദമംഗലം എന്നീ സ്ഥലങ്ങളിലേക്കുള്ള ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. 250ഓളം സ്വകാര്യബസുകള്‍ നിരത്തിലിറങ്ങില്ളെന്നും ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് വഴി വരുന്ന ബസുകള്‍ അരയിടത്തുപാലത്തില്‍നിന്ന് ചിന്താവളപ്പ് വഴി പാളയം സ്റ്റാന്‍ഡില്‍ എത്തണമെന്നാണ് പരിഷ്കാരം. എന്നാല്‍, ഇത് 1994ല്‍ എടുത്ത തീരുമാനമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഹൈകോടതിയില്‍ ചോദ്യംചെയ്തെങ്കിലും പരിഷ്കാരത്തിന് അനുകൂലമായ വിധിയാണുണ്ടായത്. 2004ല്‍ ആര്‍.ടി.ഒ ബോര്‍ഡ് യോഗത്തില്‍ തീരുമാനം അംഗീകരിച്ചു. അരയിടത്തുപാലത്തില്‍ അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലാണ് പരിഷ്കാരം നടപ്പാക്കാതിരുന്നത്. ഇപ്പോള്‍ അപ്രോച് റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയായതിനാല്‍ ബസുകള്‍ ചിന്താവളപ്പ് വഴി പോകണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. നഗരത്തിന്‍െറ കിഴക്കുഭാഗത്തുനിന്ന് വരുന്ന കുറച്ച് ബസുകള്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കൂവെന്നും ഇവര്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്‍റ് എം.പി. സുന്ദരന്‍, സെക്രട്ടറി കെ. മുഹമ്മദ് ഇഖ്ബാല്‍, സി.കെ. അബ്ദുല്‍ റഹ്മാന്‍, കെ.പി. റഷീദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, അന്യായമായ ട്രാഫിക് പരിഷ്കാരത്തിനെതിരെ സമരം ശക്തമാക്കാനാണ് ഓര്‍ഗനൈസേഷന്‍െറ തീരുമാനം. പരിഷ്കാരം വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണെന്നും ഭൂരിഭാഗം ബസുകള്‍ക്കും മുഴുവന്‍ ട്രിപ്പുകളും എടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമരം നടത്തുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. ദിനേന ലഭിക്കുന്ന കലക്ഷന്‍െറ കാര്യത്തിലുള്ള വ്യത്യാസത്തിലാണ് ബസ് ഉടമകള്‍ ഇപ്പോള്‍ രണ്ട് തട്ടിലായത്. അരയിടത്തു പാലത്തില്‍നിന്ന് പുതിയ ബസ്സ്റ്റാന്‍ഡ് വഴിയല്ലാതെ പാളയത്തേക്ക് ബസ് പോവുന്നത് ജനങ്ങള്‍ക്ക് യാത്രാദുരിതം ഉണ്ടാക്കുന്നതായി ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.