ജില്ലയെ പരിധിക്ക് പുറത്താക്കി ബി.എസ്.എന്‍.എല്‍; ക്ഷമയുടെ പരിധിവിട്ട് ഉപഭോക്താക്കള്‍

കുമളി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ വട്ടംകറക്കി ബി.എസ്.എന്‍.എല്‍ ജില്ലയെ ‘പരിധിക്ക് പുറത്താക്കുന്നു’. മൊബൈല്‍ ഫോണ്‍ രംഗത്ത് ത്രീജിയില്‍നിന്ന് ഫോര്‍ ജിയിലേക്ക് നീങ്ങുമ്പോഴും കൈയില്‍ കിട്ടിയ മൊബൈല്‍ കണക്ഷന്‍ കാഴ്ചവസ്തുവായതിന്‍െറ നിരാശയിലാണ് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, മൂന്നാര്‍, ഇടുക്കി ഉള്‍പ്പെടെ ഒരിടത്തും മാസങ്ങളായി ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ല. ഹൈറേഞ്ചിലെ പീരുമേട് മുതല്‍ കട്ടപ്പന, നെടുങ്കണ്ടം ഉള്‍പ്പടെ കാര്‍ഷിക മേഖലകളിലും സ്ഥിതി വിഭിന്നമല്ല. ഹൈറേഞ്ചിനൊപ്പം തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ചുകളിലും ബി.എസ്.എന്‍.എല്‍ കാഴ്ച വസ്തുവായിട്ട് മാസങ്ങളായി. ടവറിന്‍െറ ചുവട്ടില്‍പോയിനിന്ന് വിളിച്ചാലും കോള്‍ കണക്ടാകാറില്ളെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പലപ്പോഴും ഒരേ നമ്പറിലേക്ക് കുറഞ്ഞത് 10 തവണയെങ്കിലും ‘ക്ഷമയോടെ’ ശ്രമിച്ചാല്‍ മാത്രമേ സംസാരിക്കാനാകൂ. കോള്‍ കണക്ടായി കിട്ടിയാലും സെക്കന്‍ഡുകള്‍ കൊണ്ട് തനിയെ കട്ടായി പോകുന്ന ‘ഓട്ടോമാറ്റിക് തട്ടിപ്പ്’ സംവിധാനവും ബി.എസ്.എന്‍.എല്‍ ജില്ലയില്‍ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുള്ളത് ബി.എസ്.എന്‍.എല്ലാണ്. എന്നിട്ടും ഏറ്റവും കുറച്ച് മാത്രം ‘കവറേജ്’ നല്‍കുന്നതിന് പിന്നില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പച്ച പിടിക്കട്ടെയെന്ന വിശാല മനസ്സ് ചില ഉദ്യോഗസ്ഥര്‍ കാട്ടുന്നതുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്. ഉപഭോക്താക്കളുടെ ക്ഷമ പരീക്ഷിച്ച് ബി.എസ്.എന്‍.എല്‍ മാസങ്ങളായി തുടരുന്ന പരിധിക്ക് പുറത്താക്കല്‍ ജില്ലയിലെ വ്യാപാര മേഖലയെയും ടൂറിസം രംഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് താമസ സൗകര്യങ്ങള്‍ ബുക് ചെയ്യാനും മറ്റാവശ്യങ്ങള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സഞ്ചാരികള്‍ ഒടുവില്‍ തോറ്റ് പിന്മാറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.