നഗരത്തിലെ പ്രധാന റോഡുകളില്‍ രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണി തുടങ്ങും

കോഴിക്കോട്: നഗരത്തിലെ പ്രധാന റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മീഞ്ചന്ത ജങ്ഷന്‍,കല്ലായി പാലം, പൊറ്റമ്മല്‍ ജങ്ഷന്‍, നടക്കാവ് ജങ്ഷന്‍ എന്നിവയുടെ പ്രവൃത്തി രണ്ട് ദിവസത്തിനകം ആരംഭിക്കും. സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടത്തേണ്ട ഫ്രാന്‍സിസ് റോഡ്-മാങ്കാവ് റോഡ് അടക്കമുള്ള റോഡുകളില്‍ അഴുക്കുചാല്‍ പൈപ്പ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. കെ.എസ്.യു.ഡി.പി റോഡ് ഫണ്ട് ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി സമയക്രമം തീരുമാനിക്കും. സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് സ്കീമില്‍ ഉള്‍പ്പെട്ട മറ്റ് റോഡുകളില്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികളും വേഗത്തിലാക്കും. സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പ്രൊജക്ടില്‍ ഉള്‍പ്പെട്ട കോവൂര്‍-വെള്ളിമാട്കുന്ന് റോഡ് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ നടത്താനും യോഗം തീരുമാനിച്ചു. കോര്‍പറേഷന്‍െറ ഉടമസ്ഥതയിലുള്ള നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി പ്രത്യേക സ്കീമില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി നടപടികള്‍ സ്വീകരിക്കുന്നതിന് കോര്‍പറേഷന്‍ എന്‍ജിനീയറെ ചുമതലപ്പെടുത്തി. നാഷനല്‍ ഗെയിംസിന്‍െറ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുന്നതിന് പ്രത്യേക നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. മാവൂര്‍ റോഡിലെ ഓടകള്‍ വൃത്തിയാക്കുന്നതിന് എസ്റ്റിമേറ്റ് തയാറായി വരുന്നതായി പി.ഡബ്ള്യൂ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ മേയര്‍ പ്രഫ. എ.കെ. പ്രേമജം കോര്‍പറേഷന്‍ മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. മോഹനന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, മാസ്റ്റര്‍, നികുതി - അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. മൊയ്തീന്‍ കോയ, കോര്‍പറേഷന്‍ സെക്രട്ടറി ബി.കെ. ബലരാജ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ ശശികുമാര്‍ കെ.എസ്.യു.ഡി.പി പ്രൊജക്ട് മാനേജര്‍ സോമശേഖര കൈമള്‍ , പി.ഡബ്ള്യൂ.ഡി റോഡ്സ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, എന്‍.എച്ച് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. യോഗേഷ്, കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.ഡി. അജയഘോഷ്, കേരള വാട്ടര്‍ അതോറിറ്റി അസി. പ്രൊജക്ട് മാനേജര്‍ പി.വി. സുരേഷ് കുമാര്‍, ജപ്പാന്‍ കുടിവെള്ള പദ്ധതി ഡെപ്യൂട്ടി പ്രൊജക്ട് മാനേജര്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.