ദുരിതബാധിതരുടെ പട്ടികയിലെ 337 പേര്‍ക്ക് ധനസഹായത്തിന്‍െറ ആദ്യ ഗഡു ഒരാഴ്ചക്കകം

കാസര്‍കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളില്‍നിന്ന് തയാറാക്കി അംഗീകരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പെട്ട 337 പേര്‍ക്ക് ധനസഹായത്തിന്‍െറ ആദ്യ ഗഡു ഒരാഴ്ചക്കകം നല്‍കുമെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരിതബാധിത പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിക്കുന്നതിനും തീരുമാനമായി. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തദ്ദേശ ഭരണാധികാരികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. മുളിയാറില്‍ ആരംഭിക്കുന്ന അത്യാധുനിക രീതിയിലുള്ള പുനരധിവാസ ഗ്രാമത്തിന്‍െറ സമഗ്ര പ്ളാന്‍ ഒക്ടോബറില്‍ ലഭിക്കും. 2015 ജനുവരിയില്‍ പുനരധിവാസ ഗ്രാമത്തിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദുരിതബാധിതരുടെ പുനരധിവാസം, ഒൗഷധസസ്യങ്ങള്‍ വളര്‍ത്തല്‍ തുടങ്ങിയ മാതൃകാ പദ്ധതികളാണ് പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. പള്ളിക്കര ഗ്രാമപഞ്ചായത്തിനെ ദുരിതബാധിത പഞ്ചായത്തായി അംഗീകരിക്കുന്നതിന് സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ദുരിതബാധിത മേഖലയില്‍ നടപ്പാക്കുന്ന നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതികളില്‍ 84 എണ്ണം പൂര്‍ത്തീകരിച്ചു. 50 എണ്ണത്തിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. റെയില്‍വേയുടെ അനുമതിക്കായി ഒരു പദ്ധതിയുണ്ട്. ഏഴ് പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 30 പദ്ധതികള്‍ പ്രവൃത്തികളുടെ മുന്നോടിയായുള്ള നടപടികളുടെ വിവിധ ഘട്ടങ്ങളിലാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരില്ലാത്ത പഞ്ചായത്തുകളില്‍ താല്‍ക്കാലിക നിയമനത്തിന് ഉത്തരവായിട്ടുണ്ട്. ഓവര്‍സിയര്‍മാരുടെയും അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുടെയും ഒഴിവുകള്‍ നികത്തുന്നതിന് 13 പേരെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്കായി പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കും. ദുരിതബാധിതരുടെ പട്ടികയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നടപടി സ്വീകരിക്കും. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തിയ 59 കുടിവെള്ള പദ്ധതികളില്‍ ഉറവിട പ്രദേശത്ത് വെള്ളമില്ലാത്തതിനാല്‍ 17 പദ്ധതികള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. ഇതിനു പകരം വിവിധ പഞ്ചായത്തുകളെ സംയോജിപ്പിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് നബാര്‍ഡുമായി ചര്‍ച്ച നടത്തും. കുടിവെള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബര്‍ മൂന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍െറ നവീകരണ പ്രവൃത്തികള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന് നടപടിയെടുക്കും. യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ആര്‍.ഡി.ഒയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ പി.കെ. ഉണ്ണികൃഷ്ണന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. കൃഷ്ണന്‍ (കാഞ്ഞങ്ങാട്), മീനാക്ഷി ബാലകൃഷ്ണന്‍ (പരപ്പ), ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.കെ. അരവിന്ദാക്ഷന്‍ (പുല്ലൂര്‍-പെരിയ), എച്ച്. വിഘ്നേശ്വര ഭട്ട് (കള്ളാര്‍), പി.പി. നസീമ (അജാനൂര്‍), ജെ.എസ്. സോമശേഖര (എന്‍മകജെ), എ.കെ. കുശല (ബെള്ളൂര്‍), സുജാത ആര്‍. തന്ത്രി (കാറഡുക്ക), സുപ്രിയ അജിത്കുമാര്‍ (പനത്തടി), എം. ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), ബദിയഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, സെല്‍ അംഗങ്ങളായ കെ.ബി. മുഹമ്മദ്കുഞ്ഞി, നാരായണന്‍ പേരിയ, കെ.വി. രാജീവ്കുമാര്‍, എ. കുഞ്ഞിരാമന്‍നായര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സി.എ. അബ്ദുല്‍മജീദ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ആര്‍.പി. പത്മകുമാര്‍, ജില്ലാ സപൈ്ള ഓഫിസര്‍ എന്‍. ബൃന്ദ, ഡെപ്യൂട്ടി ഡി.എം.ഒ എം.സി. വിമല്‍രാജ്, കേരള വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ എം. വത്സലന്‍, എല്‍.എസ്.ജി.ഡി എക്സി. എന്‍ജിനീയര്‍ എം.വി. ശംസുദ്ദീന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.ം) ഡോ. താരാദാസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. രൂപ സരസ്വതി, കെ. ചന്ദ്രന്‍, ജി.കെ. സുജാത, ഇ. പത്മനാഭന്‍ എന്നിവര്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.