താലൂക്ക് ഓഫിസില്‍ യൂത്ത് കോണ്‍ഗ്രസ് അതിക്രമം

മാവേലിക്കര: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസില്‍ നടത്തിയ ഉപരോധം അക്രമാസക്തമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ഫണ്ടിന്‍െറ വിതരണം കഴിഞ്ഞ ദിവസം സി.പി.എം എം.എല്‍.എയായ ആര്‍. രാജേഷ് നിര്‍വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പിക്കറ്റിങ്ങിന്‍െറ പേരില്‍ താലൂക്ക് ഓഫിസിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അസഭ്യവര്‍ഷവും അതിക്രമവും നടത്തിയത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കൊടിക്കുന്നില്‍ സുരേഷ് എം.പി ഫണ്ട് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മഠത്തില്‍ ഷുക്കൂര്‍, അയ്യപ്പന്‍പിള്ള എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് സംഘം പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ജീവനക്കാര്‍ ഭയന്ന് അകത്തുനിന്നും ഓഫിസിന്‍െറ കതകുകള്‍ പൂട്ടി. പുറത്ത് നിലയുറപ്പിച്ച സംഘം തഹസില്‍ദാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ഫണ്ട് വിതരണം ചെയ്യാന്‍ എം.എല്‍.എക്ക് എന്താണ് അവകാശം എന്ന് ആക്രോശിക്കുകയും ചെയ്തു. മറ്റ് ചിലര്‍ താലൂക്ക് ഓഫിസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 50,000 രൂപക്ക് മുകളിലുള്ള ഫണ്ട് എം.എല്‍.എക്ക് വിതരണം ചെയ്യാം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെ, എം.എല്‍.എ ഫണ്ട് വിതരണം ചെയ്തതില്‍ യാതൊരു അപാകതയുമില്ലെന്ന് തഹസീല്‍ദാര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.