മണിക്കൂറുകള്‍ നീണ്ട മഴയില്‍ നഗരം മുങ്ങി

കോഴിക്കോട്: മണിക്കൂറുകള്‍ നീണ്ടുനിന്ന മഴയില്‍ നഗരം പ്രളയത്തില്‍ മുങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച മഴ രണ്ടു മണിക്കൂര്‍ പിന്നിട്ടതോടെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിലായി. മാവൂര്‍ റോഡ്, രാജാജി റോഡ്, പാവമണി റോഡ് എന്നിവിടങ്ങളില്‍ വെള്ളം നിറഞ്ഞും കിഡ്സണ്‍ കോര്‍ണര്‍, കോയറോഡ്, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളില്‍ മരം വീണും ഗതാഗതം തടസ്സപ്പെട്ടു. മുട്ടോളം ഉയര്‍ന്ന വെള്ളം വകവെക്കാതെ പോയ ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളത്തില്‍ കുടുങ്ങി. മഴ പെയ്ത് അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ മാവൂര്‍ റോഡില്‍ വെള്ളം നിറഞ്ഞു. ഇതോടെ, ബസ് ഗതാഗതം നിലച്ചു. കാല്‍നടക്കാര്‍ പോലും കുടുങ്ങി. പുതിയ ബസ്സ്റ്റാന്‍ഡില്‍ പല ഭാഗങ്ങളിലേക്ക് പോകാനത്തെിയ നിരവധി കുടുംബങ്ങള്‍ അടക്കമുള്ളവര്‍ മണിക്കൂറുകളോളം വലഞ്ഞു. യു.കെ. ശങ്കുണ്ണി റോഡ്, ജാഫര്‍ഖാന്‍ കോളനി റോഡ്, അശോകപുരം, മുത്തപ്പന്‍കാവ്, മങ്ങാട്ടുവയല്‍, സെന്‍റ് വിന്‍സെന്‍റ് കോളനി, ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരം തുടങ്ങയി ഭാഗങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പുതിയങ്ങാടി, കോയറോഡ്, ഭട്ട് റോഡ്, കാരപ്പറമ്പ് എന്നിവിടങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആവിയില്‍പാലം, കുന്നുമ്മല്‍, പീടികത്തൊടി ക്ഷേത്രം, ചക്കോരത്തുകുളം, ബി.ജി റോഡ് എന്നിവിടങ്ങളിലും കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്സ് തീവ്രരക്ഷാപ്രവര്‍ത്തനത്തിലാണ്. വ്യാഴാഴ്ചയും രാത്രി പൊടുന്നനെ പെയ്ത മഴയില്‍ മാവൂര്‍ റോഡ് മുങ്ങിയിരുന്നു. ഓടകള്‍ നിറഞ്ഞത്തെിയ വെള്ളം വീടുകളിലും കടകളിലും മറ്റും നിറഞ്ഞതോടെ രോഗബാധ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.