അവഗണിച്ച് കൊല്ലരുതെന്ന് ഭരണപക്ഷ അംഗം; കോര്‍പറേഷനില്‍ ‘ഐക്യ ഭരണം’

കൊല്ലം: വികസനകാര്യത്തില്‍ തന്നോട് വിവേചനപരമായി പെറുമാറുന്നുവെന്നും അവഗണന കൊണ്ടിങ്ങനെ കൊല്ലാതെ കൊല്ലരുതെന്നും സി.പി.എം ഭരിക്കുന്ന കോര്‍പറേഷനില്‍ ഇടതു കൗണ്‍സിലര്‍. അടിപ്പാത നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ അംഗത്തിന്‍െറ ആരോപണം നിഷേധിച്ചത് യു.ഡി.എഫുകാരനായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. ഭരണം സി.പി.എമ്മാണെങ്കിലും അഞ്ചു സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ യു.ഡി.എഫിന്‍െറ കൈവശത്തായതോടെ കോര്‍പറേഷനില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് ഭരിക്കുന്നുവെന്ന ആക്ഷേപങ്ങളെ ബലപ്പെടുത്തുന്ന കാഴ്ചകളാണ് ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിലുണ്ടായത്. തെരുവു വിളക്ക് തെളിക്കുന്ന കാര്യത്തില്‍ ക്രൂരമായ വിവേചനമാണ് തന്‍െറ ഡിവിഷനോടുള്ളതെന്നാണ് പ്രഫ. എസ്. സുലഭ യോഗത്തില്‍ തുറന്നടിച്ചത്. ചില വാര്‍ഡുകളെ പരിധിവിട്ടും പരിഗണിക്കുന്നു. ഒന്ന് രണ്ട് സംരംഭങ്ങളുടെ ഗുണഭോക്തൃ ലിസ്റ്റെടുത്താല്‍ ‘അയത്തില്‍’ എന്ന് മാത്രമേ കാണാനുള്ളൂ. തികച്ചും അന്യായങ്ങളാണ് ഭരണപക്ഷത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നത്. ഇത് തനിക്ക് സഹിക്കാനാവില്ല. തന്നെപ്പോലെ വഴക്കിടാന്‍ കഴിയാത്തവരുടെ ഡിവിഷനുകള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുതെന്നും വേണമെങ്കില്‍ താനങ്ങ് പോയേക്കാമെന്നും സുലഭ ക്ഷോഭത്തോടെയാണ് പറഞ്ഞുനിര്‍ത്തിയത്. അടിപ്പാത നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണമുന്നയിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍ കുമാറാണ്. മറുപടിയുടെ ഘട്ടമത്തെിയപ്പോള്‍ കോണ്‍ഗ്രസുകാരനായ മരാമത്ത് സറ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാറിന് തന്നെ ഇത് നിഷേധിക്കേണ്ടി വന്നു. ആദ്യം അടിപ്പാതയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മേയര്‍ മറുപടി പറയുമെന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്. എന്നാല്‍, ‘ചെയര്‍മാനും മറുപടി പറയാമെന്ന്’ മേയര്‍ വ്യക്തമാക്കിയതോടെയാണ് ആരോപണങ്ങള്‍ നിഷേധിക്കുന്ന സ്വരത്തില്‍ ‘മേയറുടെ നേതൃത്വത്തില്‍ നല്ലനിലയിലാണ് അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നത്’ എന്ന് പരാമര്‍ശത്തോടെ ശ്രീകുമാര്‍ നിലപാട് വ്യക്തമാക്കിയത്. ഡെസ്കിലടിച്ച് തന്നെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഈ നിലപാട് സ്വാഗതം ചെയ്യുകയും ചെയ്തു. യു.ഡി.എഫിന്‍െറ അഞ്ചു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ മുന്നിലുള്ളതുകൊണ്ട് പ്രതിപക്ഷം എന്ന നിലയില്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങളോ പതിവ് രോഷമോ ഒന്നും കൗണ്‍സിലില്‍ കാണാനായില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സ്വന്തം പാര്‍ട്ടി പ്രതിനിധിയായതിനാല്‍ അധികപേരും മിണ്ടാതെ നിന്നു. ഭരണത്തിനെ പൊതുവെ വിമര്‍ശിക്കാതെയും എന്നാല്‍, യു.ഡി.എഫിന്‍െറ കൈവശമുള്ള വകുപ്പുകളെ ചികഞ്ഞുമാറ്റി നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും ഏറെ വിയര്‍ക്കുന്നുണ്ടായിരുന്നു. ഭരണകാര്യത്തില്‍ ഇരുകൂട്ടര്‍ക്കും കൂട്ടുത്തരവാദിത്തമുള്ളതിനാല്‍ പല ജനകീയ വിഷയങ്ങളിലും നിലപാടെടുക്കുന്നതിന് ഇരുഭാഗത്തും ആശയക്കുഴപ്പങ്ങള്‍ വ്യക്തമായിരുന്നു. പാര്‍ട്ടി താല്‍പര്യത്തിന് എതിരാകുമോ എന്നതിനാല്‍ പതിവായി കൗണ്‍സില്‍ യോഗങ്ങളില്‍ വാചാലമാകുന്നവര്‍ പലരും ചര്‍ച്ചയില്‍നിന്ന് തന്നെ വിട്ടുനിന്നു. ചിലര്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞു നിര്‍ത്തി. കോര്‍പറേഷനില്‍ സത്യസന്ധമായി പിഴയടക്കാന്‍ സന്നദ്ധരായത്തെുന്നവര്‍ക്ക് തിരുട്ടുഗ്രാമങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഉദ്യോഗസ്ഥരില്‍നിന്ന് അനുഭവങ്ങളുണ്ടാകുന്നുവെന്ന സി.പി.ഐ കൗണ്‍സിലര്‍ ഉളിയക്കോവില്‍ ശശിയുടെ പരമാര്‍ശവും മേയറെ ചൊടിപ്പിച്ചു. തിരുട്ടുഗ്രാമങ്ങളുടെ അധിപയൊന്നുമല്ല ഇവിടെ ഭരിക്കുന്നതെന്നായിരുന്നു മേയറുടെ മറുപടി. ഇത്തരം നടപടി ഉദ്യോഗസ്ഥരില്‍നിന്നുണ്ടായല്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. കുടുംബശ്രീയുടെ 16ാം വാര്‍ഷികത്തെ ‘പതിനാറടിയന്തിര’മെന്ന സി.പി.എം കൗണ്‍സിലറുടെ പരാമര്‍ശവും കൗണ്‍സില്‍ യോഗത്തില്‍ ബഹളങ്ങള്‍ക്കിടയാക്കി. കുടുംബശ്രീ പോലുള്ള സംരംഭങ്ങളെ ഇടതുപക്ഷം രാഷ്ട്രീയമായി കാണുന്നുവെന്നായിരുന്നു യു.ഡി.എഫ് ആക്ഷേപം. നാലുഭാഗത്തുനിന്ന് ബഹളമായതോടെ കുടുംബശ്രീക്ക് ചരമഗീതം പാടാനാവില്ളെന്ന് വ്യക്തമാക്കിയ ശേഷം കൗണ്‍സിലറുടെ പതിനാറടിയന്തിരം പരാമര്‍ശം മിനുട്സില്‍നിന്ന് ഒഴിവാക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എങ്കിലും യോഗം അവസാനിക്കും വരെ പരാമര്‍ശം ചര്‍ച്ചയില്‍ മുഴച്ചുനിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.