ചോലനായ്ക്കരുടെ സുരക്ഷിത വാസകേന്ദ്രം; പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി

കരുളായി: ആദിമ ആദിവാസി ഗോത്രവിഭാഗമായ ചോലനായ്ക്കരുടെ പുനരധിവാസം പ്രഖ്യാപനത്തിലൊതുങ്ങി. പോഷകാഹാരക്കുറവും പകര്‍ച്ച വ്യാധികളും കാരണം ദുരിതമനുഭവിക്കുന്ന ഗോത്രവിഭാഗത്തിന്‍െറ സുരക്ഷിത ആവാസകേന്ദ്രമെന്ന സ്വപ്നമാണ് ചുവപ്പുനാടയില്‍ കുരുങ്ങുന്നത്. ന്യൂ അമരമ്പലം സംരക്ഷിത വനമേഖലയിലെ പൂച്ചപ്പാറ, വരിച്ചില്‍മല, മക്കിബാരി, വാല്‍ക്കെട്ടുമല, പാണപ്പുഴ, മീന്‍മുട്ടി, താളിപ്പുഴ, മണ്ണള, അച്ചനള തുടങ്ങിയ ആവാസ കേന്ദങ്ങളിലായി 325 പേരാണ് ഈ വിഭാഗത്തിലുള്ളത്. ചോലനായ്ക്ക വിഭാഗത്തെ ജനവാസ മേഖലയിലേക്ക് പുനരധിവസിപ്പിക്കാന്‍ 1976ല്‍ മാഞ്ചീരിയില്‍ താല്‍കാലിക ഷെല്‍ട്ടറുകളും 1982ല്‍ 30 വീടും നിര്‍മിച്ചിരുന്നു. എന്നാല്‍, അഞ്ച് കുടുംബങ്ങള്‍ മാത്രമാണ് പുനരധിവാസത്തിന് തയാറായത്. വനവിഭവ ശേഖരണം മുടങ്ങുന്നതും വാസ കേന്ദ്രങ്ങളായ ‘ജമ്മങ്ങള്‍’ ഉപേക്ഷിക്കുന്നതിനുള്ള മടിയുമാണ് പുനരധിവാസത്തിന് തടസ്സമായത്. പ്രത്യേക പരിഗണന ലഭിക്കേണ്ട ഗോത്ര വിഭാഗങ്ങള്‍ക്കുള്ള പദ്ധതിയിലുള്‍പ്പെടുത്തി വാസകേന്ദ്രങ്ങള്‍ സുരക്ഷിതമാക്കണമെന്ന ബദല്‍ നിര്‍ദേശമാണ് അധികൃതര്‍ പരിഗണിച്ചിരുന്നത്. ഇതിന്‍െറ ഭാഗമായി സ്റ്റീല്‍ ബാറുകള്‍ ഉപയോഗിച്ച് മേല്‍ക്കൂരയും അനുബന്ധ സൗകര്യങ്ങളുമേര്‍പ്പെടുത്താനുള്ള നിര്‍ദേശവും പരിഗണിച്ചിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ സന്ദര്‍ശന വേളയിലും മണ്ണള മൂപ്പനായിരുന്ന കണ്ണന്‍െറ പ്രധാന ആവശ്യവും സുരക്ഷിത ആവാസ കേന്ദ്രം വേണമെന്നതായിരുന്നു. എന്നാല്‍, പദ്ധതിയടെ തുടര്‍നടപടികള്‍ ഉണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.