ശൈഖ് ജാസിം കപ്പ് അല്‍സദ്ദിന്

ദോഹ: പൊരുതിക്കളിച്ച ലഖ്വിയ ക്ളബിനെ പരാജയപ്പെടുത്തി അൽസദ്ദ് ക്ളബ് ഈ വ൪ഷത്തെ ശൈഖ്  ജാസിം കപ്പിൽ മുത്തമിട്ടു. ലഖ്വിയയുടെ ഹോംഗ്രൗണ്ടായ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചാണ് അൽസദ്ദ് കിരീടം സ്വന്തമാക്കിയത്. കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ അൽസദ്ദിൻെറ ആദ്യ ഗോൾ പിറന്നു. തന്നെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ബ്രസീലിയൻ താരം തബാറ്റ ഗോളാക്കി മാറ്റുകയായിരുന്നു. ഏതാണ്ട് മൈതാന മധ്യത്തിൽ നിന്ന് തബാറ്റ തൊടുത്ത അതിമനോഹരമായ ഷോട്ട് വളഞ്ഞുപുളഞ്ഞ് വലയുടെ വലതുമൂലയിൽ വിശ്രമിച്ചു.
എന്നാൽ അൽസദ്ദിൻെറ ലീഡിന് അധികം ആയുസുണ്ടായില്ല. 11ാം മിനുട്ടിൽ ലഖ്വിയയുടെ യൂസുഫ് അൽ മെസാക്നിയെ അൽസദ്ദ് പ്രതിരോധനിരയിലെ ഇബ്രാഹിം വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി, സ്ളോവേനിയൻ താരം വ്ളാദ്മി൪ വെയ്സ് ലക്ഷ്യത്തിലത്തെിച്ചു. ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ ഇരുടീമുകൾക്കും ബോക്സിന് അടുത്ത് നിന്ന് ഫ്രീകിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.
ജയം ലക്ഷ്യമിട്ട് വ൪ധിത വീര്യത്തോടെ തുടങ്ങിയ രണ്ടാം പകുതിയിൽ ഇരുടീമുകളും പരുക്കൻ അടവുകൾ പുറത്തെടുക്കാനും മടികാണിച്ചില്ല. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളിൽ അൽസദ്ദ് ആധിപത്യം പുല൪ത്തിയെങ്കിലും 70ാം മിനുട്ടിൽ ലഖ്വിയ ലീഡ് നേടി. മധ്യനിരയിലെ അഫീഫ് ബോക്സിലേക്ക് നൽകിയ നീളൻ പാസ് ഹുസൈൻ ശിഹാബ് കൃത്യമായി പാസ് ചെയ്തപ്പോൾ പോസ്റ്റിന് മുന്നിൽ നിന്ന തുണീഷ്യൻ താരം യൂസുഫ് അൽമെസാക്നിക്ക് കാൽ വെക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. പന്ത് ഗോൾകീപ്പറെ മറികടന്ന് വലയുടെ ഇടതുമൂലയിൽ.
ഗോൾ വഴങ്ങിയതോടെ അൽസദ്ദ് മുന്നേറ്റനിര സമനിലഗോളിനായി കിണഞ്ഞുപരിശ്രമിച്ചു. വൈകാതെ സമനില നേടുകയും ചെയ്തു. 78ാം മിനുട്ടിൽ അൽ സദ്ദ് ഫോ൪വേഡ് ഹസൻ അൽ ഹെയ്ദൂസിനെ പെനാൽട്ടി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ബ്രസീലിയൻ താരം ലൂയിസ് ഗ്വിലെ൪മെ മുറീകി പാഴാക്കിയില്ല. കളി തീരാൻ അഞ്ച് മിനുട്ട് മാത്രം ശേഷിക്കെ, അൽസദ്ദിന്‍്റെ വിജയഗോൾ പിറന്നു. ബെൽഹാദി എടുത്ത കോ൪ണ൪കിക്ക് കൃത്യമായി കൈപ്പിടിയിലൊതുക്കുന്നതിൽ ഗോളി പരാജയപ്പെട്ടപ്പോൾ പന്തത്തെിയത് ലൂയിസ് ഗ്വിലെ൪മെയുടെ കാലുകളിൽ. ഗോളിക്കും പ്രതിരോധനിരക്കും ഒട്ടും അവസരം നൽകാതെ ഗ്വിലെ൪മെ വലകുലുക്കി. ഖത്ത൪ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി ട്രോഫികൾ സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.