ആലപ്പുഴ–ചങ്ങനാശേരി റോഡില്‍ ബസ് സര്‍വീസ് ഭാഗികമായി പുന$സ്ഥാപിച്ചു

ചങ്ങനാശേരി: വെള്ളപ്പൊക്കത്തെ തുടര്‍ന്നു ഗതാഗതം മുടങ്ങിയ ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ നാലു ദിവസത്തെ ഇടവേളക്കുശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഭാഗികമായി ഓടിത്തുടങ്ങി. അതേസമയം, പാടം മടവീണതുമൂലം ജലനിരപ്പ് മങ്കൊമ്പ് ഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സര്‍വീസ് പാതിവഴിയില്‍ നിര്‍ത്തിവെക്കുകയാണ്. ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ പള്ളിക്കൂട്ടുമ്മ ജങ്ഷനിലും ആലപ്പുഴ ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ മങ്കൊമ്പ് പെട്രോള്‍ പമ്പ് ജങ്ഷനിലുമത്തെി സര്‍വീസ് അവസാനിപ്പിക്കുകയാണ്. ഇതിനിടയിലുള്ള ഒരു കിലോ മീറ്ററോളം ദൂരത്തില്‍ രണ്ടടിക്ക് മുകളില്‍ വെള്ളമുള്ളതാണ് ഗതാഗതത്തെ ബാധിച്ചിരിക്കുന്നത്. ഇവിടം നീന്തിക്കയറുന്ന യാത്രക്കാര്‍ ബസുകള്‍ മാറി കയറിയാണ് യാത്ര തുടരുന്നത്. മഴ മാറി നിന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ സര്‍വീസ് പൂര്‍ണമായും നടത്താമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. അതേസമയം, കുട്ടനാടന്‍ മേഖലകളിലേക്കുള്ള ഉപ റൂട്ടുകളില്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വെളിയനാട്, കുമരങ്കരി, പുളിങ്കുന്ന് ഭാഗങ്ങളിലേക്ക് മാത്രമാണ് ഏതാനും ഷെഡ്യൂളുകള്‍ പുനരാരംഭിച്ചിരിക്കുന്നത്. തായങ്കരി, കളങ്ങര, മുട്ടാര്‍, എടത്വ, മങ്കൊമ്പ്, ചമ്പക്കുളം, കുന്നങ്കരി, കായല്‍പ്പുറം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടിത്തുടങ്ങിയിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച മുതലാണ് എ.സി റോഡില്‍ വെള്ളം കയറി തുടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി പൂര്‍ണമായും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തുടര്‍ച്ചയായി നാലു ദിവസം ട്രിപ്പുകള്‍ മുടങ്ങിയതോടെ ചങ്ങനാശേരി, ആലപ്പുഴ ഡിപ്പോകള്‍ക്ക് ഗണ്യമായ വരുമാന ചോര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ ആലപ്പുഴക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.