കെ.എസ്.ഇ.ബിയുടെ നിര്‍മാണം തീര്‍ന്നില്ല; കല്ലാര്‍ പുഴയുടെ തീരമിടിയുന്നു

മാങ്കുളം: കെ.എസ്.ഇ.ബി തുടക്കമിട്ട പദ്ധതിയുടെ നിര്‍മാണം ഇഴയുന്നതിനെ തുടര്‍ന്ന് കല്ലാര്‍ പുഴയുടെ തീരപ്രദേശങ്ങള്‍ ഇടിയുന്നു. രണ്ടുവര്‍ഷം മുമ്പ് ചെങ്കുളം ഓഗ്മെന്‍േറഷന്‍ പദ്ധതിയുടെ ഭാഗമായി കല്ലാര്‍ വെള്ളച്ചാട്ടത്തിന് സമീപം വെള്ളം തിരിച്ചുവിടാനുള്ള ചെറുകനാലിന്‍െറ കെട്ട് നിര്‍മിക്കാന്‍ മണ്ണിടിച്ചതോടെയാണ് കല്ലാറിന്‍െറ തീരം ഇടിഞ്ഞ് തുടങ്ങിയത്. ഇവിടെയുള്ള സ്വകാര്യ എസ്റ്റേറ്റിന്‍െറ ബംഗ്ളാവും പുരയിടവും ഏതു നിമിഷവും വെള്ളച്ചാട്ടത്തില്‍ പതിക്കാവുന്ന അവസ്ഥയിലാണ്. കെ.എസ്.ഇ.ബി തുടങ്ങിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും രണ്ട് മീറ്റര്‍ പോലും ഉയരത്തില്‍ എത്തിയില്ല. കഴിഞ്ഞ വേനല്‍ക്കാലത്ത് രണ്ട് മീറ്റര്‍ കൂടി കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ലക്ഷങ്ങളുടെ നഷ്ടം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചെറുകനാലിന്‍െറ കെട്ടിനുള്ള അസ്തിവാരം നിര്‍മിക്കാന്‍ മണ്ണിട്ടതോടെയാണ് കുത്തനെയുള്ള ഭിത്തിയിടിയാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതു ശ്രദ്ധയില്‍പ്പെട്ടെങ്കിലും അധികൃതര്‍ സംരക്ഷണ നടപടികളൊന്നും സ്വീകരിച്ചില്ല. അടുത്തനാളില്‍ വൈദ്യുതി ബോര്‍ഡില്‍ ജനറേഷന്‍െറ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇനി മഴ അവസാനിക്കാതെ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.