തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നിലച്ചു. ആവശ്യാനുസരണം പ്രതിരോധ മരുന്ന് ലഭിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നില്ല. ഏതാനും ചില ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് വളരെ കുറച്ച് ഡോസ് മരുന്ന് ബാക്കിയുള്ളത്. ജില്ലയില്‍ കരുതല്‍ ശേഖരമായി വെച്ചിരുന്ന ഒന്നര ലക്ഷം ഡോസ് മരുന്ന് തീര്‍ന്നിട്ടും പുതിയ സ്റ്റോക് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കോഴിക്കോട്ടെ മേഖലാ വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ജൂണ്‍ മാസത്തിനുശേഷം സ്റ്റോക് എത്തിയില്ളെന്നാണ് വിവരം. മേയ് മാസത്തില്‍ രണ്ടുതവണ ഒരുലക്ഷം വീതം സ്റ്റോക് എത്തിയത് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ആവശ്യമനുസരിച്ച് വിതരണം ചെയ്തിരുന്നു. കാസര്‍കോട് ജില്ലയിലെ കരുതല്‍ ശേഖരം തീരുന്നതിനു മുമ്പുതന്നെ 1,75,686 ഡോസ് വാക്സിന് ഇന്‍ഡന്‍റ് നല്‍കിയിരുന്നു. 2013 സെപ്റ്റംബറില്‍ നല്‍കിയ ഈ വാര്‍ഷിക ഇന്‍ഡന്‍റ് അനുസരിച്ചുള്ള പോളിയോ വാക്സിന്‍ ഇന്നലെ വരെ ലഭിച്ചിട്ടില്ല. അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റോറില്‍ രണ്ടു ലക്ഷത്തിലേറെ ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ടെന്ന് ചുമതലയുള്ള ഡോ. എന്‍. ശ്രീധര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മേഖലാ സ്റ്റോറുകളില്‍നിന്ന് ഇന്‍ഡന്‍റ് ലഭിക്കാത്തതാവാം ചില ജില്ലകളില്‍ സ്റ്റോക്കില്ലാതിരിക്കാന്‍ കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പോളിയോ വാക്സിന്‍ വിതരണത്തില്‍ പ്രശ്നങ്ങളുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നുമാസത്തേക്ക് കാസര്‍കോട് ജില്ലയില്‍ മാത്രം ഒന്നര ലക്ഷം ഡോസ് ബഫര്‍ സ്റ്റോക് ആവശ്യമാണ്. യഥാര്‍ഥ സ്റ്റോക്കിന് പുറമെ സൂക്ഷിക്കുന്നതാണിത്. സ്റ്റോക് ബഫറില്‍ എത്തുമ്പോഴേക്കും പുതിയ ഇന്‍ഡന്‍റ് നല്‍കുകയാണ് പതിവ്. പ്രതിരോധ മരുന്ന് വിതരണം മുടങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണിത്. അതേസമയം, പോളിയോ വാക്സിന്‍ ചെന്നൈ ജനറല്‍ സ്റ്റോറില്‍നിന്ന് എത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ചയോടെ എത്തിയാല്‍ വിതരണം സാധാരണ നിലയിലാകുമെന്നും കോഴിക്കോട് മേഖലാ സ്റ്റോര്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രികളില്‍നിന്ന് നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ പോളിയോ തുള്ളിമരുന്ന് നല്‍കാതെയാണ് തിരിച്ചയക്കുന്നത്. രണ്ട്, നാല് മാസങ്ങള്‍, ആറ് മുതല്‍ 18 വരെയുള്ള മാസങ്ങള്‍, അഞ്ചുവയസ്സിനു ശേഷം എന്നിങ്ങനെയാണ് പോളിയോ തുള്ളിമരുന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.