കുന്നിടിഞ്ഞ് വീടുകള്‍ തകര്‍ന്നു

പന്തീരാങ്കാവ്: കുന്നിടിഞ്ഞ് വീടുകള്‍ തകര്‍ന്നു. പെരുമണ്ണ വള്ളിക്കുന്ന് വടക്കന്‍ അരമ്പകുന്നാണ് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇടിഞ്ഞത്. അപകടത്തില്‍ കുറ്റിയാല്‍ തൊടി ടി.കെ. റിയാസിന്‍െറയും കെ.വി. കാഞ്ചനയുടെയും വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം വീട്ടിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.അനിയന്ത്രിതവും അശാസ്ത്രീയവുമായ മണ്ണെടുപ്പുമൂലം ഇവിടെ മുമ്പ് പലതവണ മണ്ണിടിഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം നാട്ടുകാരുടെ പരാതിയില്‍ വീടുകള്‍ക്ക് അപകടകരമായ രീതിയിലുള്ള മണ്ണെടുത്തു മാറ്റാന്‍ തഹസില്‍ദാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ മണ്ണെടുപ്പും കല്ലുവെട്ടും തുടരുകയായിരുന്നു. ഇരുവിഭാഗവും തമ്മില്‍ ഉമസ്ഥാവകാശത്തിനുവേണ്ടി കേസ് നടക്കുന്ന സ്ഥലത്താണ് അധികൃതരുടെ മൗനാനുവാദത്തോടെ മണ്ണെടുപ്പ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞത്. കാഞ്ചനയുടെ വീടിന്‍െറ അടുക്കള ഭാഗവും കുളിമുറിയുമാണ് തകര്‍ന്നത്. വലിയ ചെങ്കല്ലുകളുടെ വീഴ്ചയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് ബീമുകളും തകര്‍ന്നു. കാഞ്ചനയും ഭര്‍ത്താവ് വേലായുധനും മകന്‍ അഖിലേഷും ഭാര്യ സോണിയയുമാണ് ഈ വീട്ടിലുണ്ടായിരുന്നത്. വീടിന്‍െറ ചുമരുകള്‍ പൂര്‍ണമായും വിള്ളല്‍ വീണു. സ്ളാബിന്‍െറ ബീമുകള്‍ തകര്‍ന്നതിനാല്‍ വീട് ഉപയോഗശൂന്യമാണ്.റിയാസിന്‍െറ കിടപ്പുമുറിയാണ് ആദ്യം തകര്‍ന്നത്. തൊട്ടിലില്‍ കിടക്കുകയായിരുന്ന എട്ടുമാസം പ്രായമുള്ള മകന്‍ സയാന്‍, റിദാന്‍ (നാല്), ഭാര്യ ഷരീഫ എന്നിവരുടെ ദേഹത്തേക്കാണ് ചുമരിടിഞ്ഞ് വീണത്. വാതില്‍ തുറന്ന് രക്ഷപ്പെട്ട ഷരീഫയും അഖിലേഷും ചേര്‍ന്നാണ് തകര്‍ന്ന ചുമരിനടിയില്‍ കുടുങ്ങിയ ഭര്‍ത്താവിനെയും മക്കളെയും രക്ഷപ്പെടുത്തിയത്. സമീപത്തെ വീടുകള്‍ക്ക് അപകടകരമായ രീതിയില്‍ മണ്ണെടുപ്പിനെതിരെ കാഞ്ചന പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതും നിര്‍ബാധം നടക്കുന്ന മണ്ണെടുപ്പ് റവന്യൂ അധികൃതര്‍ തടയാതിരുന്നതുമാണ് അപകടത്തിനിടയാക്കിയത്. തഹസില്‍ദാര്‍ റോഷ്നി നാരായണന്‍, അസി. തഹസില്‍ദാര്‍ എ. അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ദിനേഷ് പെരുമണ്ണ, ബ്ളോക് പഞ്ചായത്ത് അംഗം എ. പുരുഷോത്തമന്‍, വില്ളേജ് ഓഫിസര്‍ സി. ഉഷ തുടങ്ങിയവര്‍ സ്ഥലത്തത്തെി. ഗ്രാമപഞ്ചായത്തും റവന്യൂ അധികൃതരും വീട്ടുകാര്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു വീട്ടുകാരെയും മറ്റൊരു വീട്ടിലേക്ക് മാറ്റി. സമീപത്തെ മറ്റൊരു കുടുംബവും സുരക്ഷിത സ്ഥലത്തേക്ക് മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.