കണ്ണീര്‍ പൂക്കളായി കളിക്കൂട്ടുകാര്‍

തിരൂര്‍: ആദ്യാക്ഷരം നുകര്‍ന്ന കളിമുറ്റത്ത് കളിക്കൂട്ടുകാര്‍ക്ക് ഒരുമിച്ച് അന്ത്യയാത്ര. ചെമ്പ്രയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച കുട്ടികള്‍ നാടിന്‍െറ കണ്ണീര്‍പൂക്കളായി. അവര്‍ക്ക് വിട നല്‍കാന്‍ നാട് മുഴുവന്‍ ഒഴുകിയത്തെി. ഒടുവില്‍ ചെമ്പ്ര ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി മൂന്നുപേര്‍ക്കും അന്ത്യനിദ്ര. ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പടി നടക്കാവില്‍ ഇസ്മായിലിന്‍െറ മക്കളായ മുഹമ്മദ് റഹീസുദ്ദീന്‍ (14), മുഹമ്മദ് റമീസ് (12), നടക്കാവില്‍ ജലീലിന്‍െറ മകന്‍ മുഹമ്മദ് അജ്മല്‍ (12) എന്നിവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ 11.15ഓടെയാണ് ചെമ്പ്ര എ.എം. യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. മൃതദേഹങ്ങള്‍ വഹിച്ചുള്ള ആംബുലന്‍സുകള്‍ എത്തുന്നതിന് മുമ്പുതന്നെ സ്കൂള്‍പരിസരം നിറഞ്ഞുകവിഞ്ഞു. രാവിലെ പത്ത് മുതലേ സ്ത്രീകളുള്‍പ്പെടെ സ്കൂളിലത്തെിയിരുന്നു. തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങള്‍ ആദ്യമേ ഒരുക്കിയിരുന്നു. പുരുഷന്മാര്‍ക്ക് സ്കൂളിന്‍െറ വടക്കുഭാഗത്തും സ്ത്രീകള്‍ക്ക് തെക്കുഭാഗത്തുമുള്ള കെട്ടിടങ്ങളില്‍ സൗകര്യങ്ങളൊരുക്കി. ഇവക്ക് മധ്യത്തിലുള്ള ക്ളാസ് മുറിയിലാണ് മൃതദേഹങ്ങള്‍ വെച്ചത്. ആദ്യം സ്ത്രീകളെയാണ് മൃതദേഹങ്ങള്‍ കാണിച്ചത്. സ്ത്രീകളുടെ ദര്‍ശനം 11.45 വരെ നീണ്ടു. പിന്നെയും സ്ത്രീകള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും 11.45ഓടെ പുരുഷന്മാരെ കാണിച്ചുതുടങ്ങി. ഇത് 12.30 വരെയും നീണ്ടു. പിന്നീട് വൈകിയത്തെിയ സ്ത്രീകള്‍ക്ക് അവസരം നല്‍കി. ഇതിനിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്കൂളിലത്തെി. തുടര്‍ന്ന് ഹ്രസ്വമായ പ്രാര്‍ഥന. 12.45ഓടെ മൃതദേഹങ്ങള്‍ പള്ളിയിലേക്ക് കൊണ്ടുപോയി. മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ സി. മമ്മുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. കെ.ടി. ജലീല്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയിലും സ്കൂളിലുമത്തെി മേല്‍നോട്ടം വഹിച്ചു. മൃതദേഹങ്ങള്‍ കണ്ടവരെയെല്ലാം സ്കൂള്‍ വളപ്പില്‍നിന്ന് പുറത്തേക്ക് നീക്കിക്കൊണ്ടിരുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാനായി. മൃതദേഹങ്ങള്‍ പള്ളിയിലേക്ക് കൊണ്ടുപോകാനെടുക്കുമ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ കാണാനത്തെുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ പള്ളിയില്‍ എത്തുമ്പോഴും അനുഗമിച്ചവരുടെ നിര സ്കൂള്‍ പരിസരം വരെ നീണ്ടു. ജനാസ നമസ്കാരത്തിനത്തെിയവരില്‍ വലിയൊരു വിഭാഗത്തിന് പള്ളിയുടെ പുറത്തുനിന്ന് നമസ്കരിക്കേണ്ടിവന്നു. ഞായറാഴ്ച രാത്രിവരെയും തിരിമുറിയാതെ പെയ്ത മഴ തിങ്കളാഴ്ച പകല്‍ വിട്ടുനിന്നത് അനുഗ്രഹമായി. മൃതദേഹങ്ങള്‍ വഹിച്ചുള്ള ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടതുമുതല്‍ ഖബറടക്കം പൂര്‍ത്തിയാകുന്നത് വരെയും മാനം തെളിഞ്ഞു നിന്നു. എസ്.കെ.എസ്.എസ്.എഫിന് കീഴിലുള്ള ‘വിഖായ’യുടെ പ്രവര്‍ത്തകരാണ് അന്തിമ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.