ഷാ൪ജ: നാട്ടിലെ മഴക്കെടുതി വിതക്കുന്ന ദുരന്ത വാ൪ത്തകൾ അറിഞ്ഞ് മനസിൽ വെള്ളിടിയുമായി കഴിയുകയാണ് പ്രവാസലോകം.
സാമൂഹിക മാധ്യമങ്ങൾ വഴി തത്സമയം ദുരന്ത ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ പെരുമഴ വിതക്കുന്ന ആപത്തുകളുടെ വ്യാപ്തി അറിയാൻ സാധിക്കുന്നു. മലയാളി പ്രവാസികൾ കൂടുന്ന ഇടത്തെല്ലാം സംസാരവിഷയം തിമി൪ത്ത് പെയ്യുന്ന ക൪ക്കടകം തന്നെ.
ഇടിയോടുകൂടിയ മഴയാണെന്നും പുറത്തിങ്ങിയാൽ അപകടമാണെന്നുമാണ് നാട്ടിലേക്ക് വിളിക്കുന്നവ൪ക്ക് കുട്ടികളോട് പറയാനുള്ളത്. കാലവ൪ഷം കണക്കിലെടുത്ത് അധികൃത൪ സ്കൂളുകൾക്ക് അവധി നൽകുന്നതാണ് ഇവിടെയുള്ളവരുടെ ഏക ആശ്വാസം. തീരദേശ മേഖലയിൽ താമസിക്കുന്ന പ്രവാസികളാണ് മഴക്കെടുതിയിൽ കൂടുതൽ ആശങ്കാകുല൪. പേമാരി ഇടനെഞ്ചിലെ വേദന കൂട്ടുകയാണെന്ന് ഷാ൪ജയിലെ മുവൈലയിൽ കച്ചവടം നടത്തുന്ന കാസ൪കോട് സ്വദേശി ബഷീ൪ പറഞ്ഞു.
കടം വാങ്ങി തുടങ്ങിയ വീട് പണി മഴയത്ത് ഒലിച്ച് പോകുമോ എന്ന വേദനയിലാണ് ചങ്ങരംകുളം സ്വദേശി അബ്ദുറഹ്മാൻ. നാട്ടിലെ പഴകി ദ്രവിച്ച സ്കൂളിനെ കുറിച്ചുള്ള ആധിയാണ് മലപ്പുറം സ്വദേശി ഹംസക്ക്.
ഇത്തരത്തിലൊരു മഴ താങ്ങാനുള്ള ആരോഗ്യമൊന്നും തൻെറ ഗ്രാമത്തിലെ സ൪ക്കാ൪ വിദ്യാലയത്തിനില്ല എന്നും നൂറുകണക്കിന് കുട്ടികളാണ് അവിടെ പഠിക്കുന്നതെന്നും പറഞ്ഞാണ് ഹംസയുടെ കണ്ണിൽ മഴചാറുന്നത്.മഴപെയ്താൽ തോടായി മാറുന്ന തൻെറ നാട്ടിലെ റോഡിനെ കുറിച്ചാണ് പാലക്കാട് ചെ൪പുളശ്ശേരി സ്വദേശി സിദ്ദാ൪ഥൻ വ്യാകുലപെടുന്നത്.
മഴവെള്ളം പോയ വഴികളൊന്നും ഇപ്പോൾ ഗ്രാമങ്ങളിൽ ഇല്ലാത്തതാണ് പ്രളയക്കെടുതിക്ക് ആധാരമെന്നാണ് പ്രവാസികളായ ഗ്രാമീണ വാസികൾ പറയുന്നത്. കൊടും ചൂടിൽ വിയ൪ത്തൊലിക്കുന്ന പ്രവാസികളുടെ മനസുകളിൽ ഇപ്പോൾ നാട്ടിലെ കാറ്റും മഴയും തിമി൪ത്ത്പെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.