അജാനൂര്‍: ജില്ലയിലെ ലൈന്‍മാന്മാരുടെ കൂട്ട സ്ഥലംമാറ്റം വൈദ്യുതി മേഖലക്ക് ഇരുട്ടടിയാകുന്നു. കാസര്‍കോട് സര്‍ക്കിള്‍ പരിധിയില്‍ കാഞ്ഞങ്ങാട്ടടക്കം 62 പേരെയാണ് കൂട്ടമായി സ്ഥലംമാറ്റിയത്. 62 പേരെ സ്ഥലംമാറ്റിയതോടെ ജില്ലയില്‍ 28 ലൈന്‍മാന്മാരാണ് വിവിധ ഫീഡറുകളില്‍ ജോലി ചെയ്യുന്നത്. സ്ഥലംമാറ്റം കൂടുതലും ആലപ്പുഴ-എറണാകുളം ജില്ലകളിലേക്കാണ്. ഓരോ ഫീഡറുകളിലും 12 ലൈന്‍മാന്മാരുടെ സേവനമാണ് ലഭ്യമാകുന്നത്. പൈവളിക മഞ്ചേശ്വരം പോലെയുള്ള സെക്ഷനില്‍ ഒരു ലൈന്‍മാന്‍ വരെ ജോലിചെയ്യുന്ന അവസ്ഥയുണ്ട്. ഉദുമ, ഉപ്പള, ബദിയടുക്ക, ചെര്‍ക്കള, മുള്ളേരിയ, മഞ്ചേശ്വരം, വോര്‍ക്കാടി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പ്രധാനമായും ലൈന്‍മാന്മാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയത്. തോരാമഴയില്‍ പലയിടത്തും മരങ്ങള്‍ പൊട്ടിവീണും പോസ്റ്റുകള്‍ തകര്‍ന്നുമുള്ള വൈദ്യുതിമുടക്കം ഒഴിവാക്കാന്‍ നിലവിലുള്ള ലൈന്‍മാന്മാര്‍ കഠിനജോലി ചെയ്യുമ്പോഴാണ് സ്ഥലംമാറ്റം ഇരുട്ടടിയായത്. സ്ഥലംമാറ്റം ലഭിച്ചവരില്‍ ഭൂരിഭാഗവും മലബാര്‍ സര്‍വീസ് എന്ന ആനുകൂല്യത്തിന്‍െറ മറവിലാണ് ട്രാന്‍സ്ഫര്‍ ശരിപ്പെടുത്തിയത്. ഓരോ സെക്ഷനിലും 12 പേരുടെ നിയമനം ഉറപ്പാക്കിയാല്‍ ലൈന്‍മാന്മാരുടെ ജോലിക്കിടെയുള്ള മരണം ഒഴിവാക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയിടെ ഭീമനടി സെക്ഷനിലെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചിരുന്നു. കാഞ്ഞങ്ങാട് ഏരിയയിലെ ചിത്താരിയില്‍ രണ്ട് ലൈന്‍മാന്മാരുടെയും ഓവര്‍സിയറുടെയും ഒഴിവ് വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. പെരിയയില്‍ രണ്ട്, മാവുങ്കാലില്‍ മൂന്ന്, ബളാംതോട് അഞ്ച് എന്നിവിടങ്ങളിലും ഒഴിവുണ്ട്. പലപ്പോഴും പുറമെയുള്ളവരുടെ സഹായം തേടേണ്ട അവസ്ഥയാണ്. മസ്ദൂര്‍ ജോലിക്കാരെ നിയമിച്ച് പ്രമോഷന്‍ നല്‍കുന്ന പതിവാണ് കെ.എസ്.ഇ.ബിയില്‍ ഉള്ളത്. ജില്ലയിലെ പി.എസ്.സി മസ്ദൂര്‍ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് പത്തുമാസം പിന്നിട്ടു. എന്നാല്‍, ഇന്നുവരെ ഒരാളെ പോലും നിയമിച്ചിട്ടില്ല. തെക്കന്‍ ജില്ലകളിലേക്ക് സ്ഥലംമാറ്റം നല്‍കുന്ന മുറക്ക് ജില്ലയിലെ മസ്ദൂര്‍ റാങ്കില്‍നിന്ന് നിയമനം നല്‍കിയാല്‍ മാത്രമേ കാസര്‍കോടിന്‍െറ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ട് ദൂരീകരിക്കാനും കഴിയുകയുള്ളൂ. മസ്ദൂര്‍ റാങ്കില്‍പെട്ടവരുടെ നിയമനം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് പ്രസിഡന്‍റ് ജലീല്‍ കാര്‍ത്തിക ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.