സി.പി.എം–ബി.ജെ.പി പ്രതിഷേധം: നഗരസഭാ കൗണ്‍സില്‍ യോഗം മുടങ്ങി

പാലക്കാട്: വെണ്ണക്കര കുടിവെള്ള പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും നഗരസഭയിലെ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്നാരോപിച്ച് ബി.ജെ.പിയും ബഹളം വെച്ചതിനെ തുടര്‍ന്ന്, വ്യാഴാഴ്ച നടന്ന നഗരസഭാ കൗണ്‍സില്‍ യോഗം അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ പിരിഞ്ഞു. ഇരുവിഭാഗവും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി-ചെയര്‍മാന്‍ കൂട്ടുകെട്ട് ഭരണമാണ് നഗരസഭയില്‍ നടക്കുതെന്ന് സി.പി.എം അംഗങ്ങളും സി.പി.എം-ചെയര്‍മാന്‍ കൂട്ടുകെട്ടാണ് നടക്കുതെന്ന് ബി.ജെ.പി അംഗങ്ങളും പരസ്പരം ആരോപിച്ചു. വെണ്ണക്കരയിലെ 2000ത്തോളം പേരുടെ കുടിവെള്ളം മുട്ടിക്കുന്ന കൗണ്‍സിലറെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ നഗരം ഇരുട്ടിലാണെന്നും നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ബി.ജെ.പി അംഗങ്ങളും ആവശ്യപ്പട്ടു. ഇരുവിഭാഗങ്ങളുടെയും പരസ്പരമുള്ള മുദ്രാവാക്യം വിളികള്‍കൊണ്ടും പോര്‍വിളികള്‍ കൊണ്ടും ശബ്ദമുഖരിതമായ യോഗം അധ്യക്ഷയായ വൈസ് ചെയര്‍പേഴ്സന്‍ പത്ത് മിനിറ്റു നേരം നിര്‍ത്തിവെച്ചു. അതിനുശേഷം യോഗനടപടി തുടരാന്‍ ആരംഭിച്ചപ്പോള്‍ വീണ്ടും ബഹളമായി. തുടര്‍ന്ന് യോഗം ഉപേക്ഷിച്ചതായി വൈസ് ചെയര്‍പേഴ്സണ്‍ എം.സഹീദ അറിയിച്ചു. ഇരുവിഭാഗവും മുദ്രാവാക്യം വിളികളോടെയാണ് കൗണ്‍സില്‍ ഹാളിന് പുറത്തേക്കുപോയത്. പനിയായതിനാല്‍ ചെയര്‍മാന്‍ എ. അബ്ദുല്‍ ഖുദ്ദൂസ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.