പൊന്നാനി: പൊന്നാനി അഴിമുഖത്ത് ഒരു വര്‍ഷത്തിലേറെയായി ഭാരത് ചങ്ങാടം സര്‍വീസ് നടത്തിയത് ലൈസന്‍സും ഇന്‍ഷുറന്‍സുമില്ലാതെ. മൂന്നു ചെറിയ ബോട്ടുകള്‍ ചേര്‍ത്തുവെച്ച് അതിന് മുകളില്‍ പ്ളാറ്റ് ഫോം നിര്‍മിച്ച് തയാറാക്കിയ ചങ്ങാടം കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വീസ് തുടങ്ങിയത്. ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്നതും അപായ സാധ്യത ഏറിയതുമായ അഴിമുഖത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയായിരുന്നു ചങ്ങാടത്തിന്‍െറ യാത്ര. അപകട സാധ്യത സംബന്ധിച്ച് പരാതികള്‍ ലഭിക്കുമ്പോഴെല്ലാം സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിക്കുമെന്നല്ലാതെ ചങ്ങാടം നടത്തിപ്പിന് അനുമതി നല്‍കിയ പൊന്നാനി നഗരസഭ അനങ്ങാപ്പാറ നിലപാടിലായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ചങ്ങാടം സര്‍വീസെന്ന് വിവരം ലഭിച്ചിട്ടും കലക്ടറുള്‍പ്പെടെയുള്ളവര്‍ നടപടികളെടുക്കാതിരുന്നതും വീഴ്ചയായി. പൊന്നാനി നഗരസഭ നാലു തവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും സര്‍വീസ് തുടരുകയായിരുന്നു. ഒരു തവണ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാല്‍ പോലും നഗരസഭക്ക് പൊലീസ് സഹായത്തോടെ ചങ്ങാടം പിടിച്ചെടുക്കാമായിരുന്നു. എന്നാല്‍, നാലു തവണയും നടപടി നോട്ടീസിലൊതുങ്ങി. ചങ്ങാടം കരാറെടുത്ത തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി സര്‍വീസ് നടത്തുന്നതിന് എഗ്രിമെന്‍റ് വെച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി ഓച്ചിറ മുരളി പറഞ്ഞു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ നഗരസഭയില്‍ ഫീസടച്ചിട്ടില്ല. മൂന്ന് വര്‍ഷത്തേക്ക് ചങ്ങാടം സര്‍വീസ് നടത്താനാണ് ധാരണ. ഒരു വര്‍ഷത്തേക്ക് 1,10000 രൂപയാണ് കരാര്‍ തുക. നഗരസഭ കൗണ്‍സില്‍ ചങ്ങാടം സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത് പ്രതിപക്ഷത്തിന്‍െറ ശക്തമായ വിയോജിപ്പോടെയായിരുന്നു. കായല്‍ പ്രദേശങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ചങ്ങാടത്തിന് അഴിമുഖം പോലുള്ള അപകടമുള്ള സ്ഥലത്ത് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നും സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുമതിയെ പ്രതിപക്ഷം എതിര്‍ത്തത്. ചങ്ങാടത്തിന് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത് തുറമുഖ വകുപ്പാണ്. എന്നാല്‍ സുരക്ഷാ സൗകര്യങ്ങളില്‍ മതിപ്പില്ലാത്തതിനാല്‍ ഇതുവരെയും ഫിറ്റ്നസ് നല്‍കിയിട്ടില്ലെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പി.ആര്‍. ലക്ഷ്മിനാരായണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യം മുനിസിപ്പാലിറ്റിയേയും കലക്ടറേയും പൊലീസിനെയും അറിയിച്ചിരുന്നതായും സര്‍വീസ് നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും തുടരുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.