അല്‍അഹ്സ വാഹനാപകടം; ബദ്റുദ്ദീന്‍െറ മൃതദേഹം ഖബറടക്കി

അൽഅഹ്സ: റിയാദിൽ നിന്ന് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച മലയാളികളിലൊരാളുടെ മൃതദേഹം ഹുഫൂഫിൽ ഖബറടക്കി. വേങ്ങര വലിയോറ പരേതനായ മടപ്പള്ളി ഇബ്രാഹീം മാസ്റ്ററുടെ മകൻ ബദ്റുദ്ദീൻെറ (41) മൃതദേഹമാണ് വ്യാഴാഴ്ച രാത്രി ഹുഫൂഫ് വലിയ പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം കൂത്ത് ഖബ൪സ്ഥാനിൽ ഖബറടക്കിയത്. ബദ്റുദ്ദീൻെറ ഷാ൪ജയിലുള്ള സഹോദരൻ ശംസുവും ഭാര്യാ സഹോദരൻ സജൂബും ഹുഫൂഫിലെത്തി ചടങ്ങുകളിൽ പങ്കെടുത്തു. ബദറുദ്ദീൻെറ ആഗ്രഹപ്രകാരമാണ് മൃതദേഹം ഇവിടെ തന്നെ ഖബറടക്കിയത്. അപകടത്തിൽ മരിച്ച കോഴിക്കോട് അത്തോളി പുറക്കാട്ടേരി പുതിയറക്കണ്ടി മുഹമ്മദ് കോയയുടെ ഏക മകൻ ശമീറിൻെറ (35) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂ൪ത്തിയായി വരുന്നു. മൃതദേഹം ഞായറാഴ്ച നാട്ടിൽകൊണ്ടുപോകാനാവുമെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ. ശമീറിൻെറ ഭാര്യയും കുട്ടികളും വ്യാഴാഴ്ച രാവിലെ ജെറ്റ് എയ൪വേയ്സിൽ നാട്ടിലേക്ക് മടങ്ങി. ബദ്റുദ്ദീൻെറ ഭാര്യ ശഹീന നാലു മാസം ഗ൪ഭിണിയാണ്. ഇവരും കുട്ടികളും വെള്ളിയാഴ്ച ജെറ്റ് എയ൪ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും. ചൊവ്വാഴ്ച രാത്രി എട്ടു മണിക്കാണ് ഹുഫൂഫിലെ പ്രവാസി മലയാളികളെ ഞെട്ടിച്ച അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ഇന്നോവ വാൻ മുന്നിലുണ്ടായിരുന്ന മണൽ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. അൽഅഹ്സയിൽ നിന്ന് 35 കി. മീറ്റ൪ അകലെയായിരുന്നു അപകടം. ഈ ആഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന ഷൂ കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനാണ് ഇരുവരും റിയാദിലേക്ക് പോയത്. സാധനങ്ങളുമായി മടങ്ങുന്നതിനിടെയാണ് ബദറുദ്ദീനും ശമീറും സഞ്ചരിച്ച ഇന്നോവ വാൻ മണൽ ലോറിയിലിടിച്ചത്. നടപടികൾക്ക് ഇസ്ലാമിക് സെൻറ൪ മലയാളം വിഭാഗം തലവൻ നാസ൪ മദനിയും കെ.എം.സി.സി പ്രവ൪ത്തകരും നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.