മസ്റഅയില്‍ കഷ്ടപ്പെട്ട സജി നാടണഞ്ഞു

ജിദ്ദ:  ദുരിതങ്ങളുടെ പെരുമഴക്കാലം അതിജീവിച്ചു കൊല്ലം ഉളിയക്കോവിൽ സ്വദേശി സജി വാസുദേവൻ കൊല്ലം പ്രവാസി സംഗമം ജിദ്ദ പ്രവ൪ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. നാട്ടുകാരനും അയൽവാസിയുമായ  ആളുടെ സഹായത്തോടെ റിയാദിനു സമീപം അൽകസബ് എന്ന സ്ഥലത്ത് ഏതാനും മാസം മുമ്പ് ഹൗസ് ഡ്രൈവ൪ വിസയിൽ എത്തിയതാണ് സജി. എന്നാൽ ജോലി ചെയ്യാൻ എത്തിപ്പെട്ടത് വിസ ഏജൻറിൻെറ പരിചയക്കാരനായ സ്വദേശിയുടെ കൃഷിയിടത്തിലേക്കാണ്. പ്രാരബ്ധങ്ങൾ മൂലം മറ്റൊന്നും ചിന്തിക്കാതെ കിട്ടിയ ജോലി ചെയ്തു. എന്നാൽ കൃഷിയിടം നശിച്ചതോടെ സജിക്ക് ജോലിയും നഷ്ടമായി. അതിന് ശേഷം തന്നെ വിസയിൽ കൊണ്ടുവന്ന ഏജൻറിനൊപ്പം താൽക്കാലികമായി താമസിച്ചു വരുന്നതിനിടെ എങ്ങനെയും തിരിച്ചു നാട്ടിൽ പോകണമെന്നായി സജി. ഒരു പൈസയും കൈയിലില്ലാത്ത അവസ്ഥയിൽ ടിക്കറ്റ് സ്വന്തമായി എടുത്തു നഷ്ടങ്ങൾ നികത്തി പോകണമെന്ന ഏജൻറിൻെറ നിലപാടും മാറിയ സാഹചര്യങ്ങളും സജിയെ സമ്മ൪ദത്തിലാക്കി. നാട്ടിലെ കടവും പട്ടിണിയും പരിവട്ടവും തുറിച്ചു നോക്കിയതോടെ സജി മറ്റൊരു സ്വദേശിക്കൊപ്പം മറ്റൊരു മസ്റഅയിൽ ജോലിചെയ്യാൻ തയാറായി. എന്നാൽ അവിടെ കടുത്ത പീഡനമായിരുന്നുവെന്ന് സജി പറയുന്നു. ഉറക്കമില്ലാതെ, നല്ല ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ, ശീതികരണ സാമഗ്രികൾ ഒന്നുമില്ലാത്ത തടിക്കൂടിനുള്ളിൽ ക്ഷീണിതനായി ആരോഗ്യവും സ്വപ്നങ്ങളും നഷ്ടപ്പെട്ടു ജീവിക്കുകയായിരുന്നു.
മകൻെറ ദുരിതമറിഞ്ഞ വൃദ്ധ മാതാപിതാക്കൾ നാട്ടിൽനിന്ന് കൊല്ലം പ്രവാസി ജിദ്ദയുടെ സേവനവിഭാഗം കൺവീന൪ സുദീപ് സുന്ദരത്തെ ബന്ധപ്പെട്ടു. സുദീപ്  വിസ ഏജൻറിനെ ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് എക്സിറ്റ് നൽകി നാട്ടിൽ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുട൪ന്ന് ഉന്നതതലത്തിൽ നടന്ന ശക്തമായ സമ്മ൪ദങ്ങളുടെ ഫലമായി സജിക്ക് എക്സിറ്റ് ലഭിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ഇല്ലാതെ ബുദ്ധിമുട്ടിയ സജിയെ ജിദ്ദയിലെത്തിച്ച കെ.പി.എസ്.ജെ പ്രവ൪ത്തക൪ നാട്ടിലേക്കുള്ള ടിക്കറ്റും സാമ്പത്തികസഹായവും നൽകി. പ്രസിഡൻറ് തോമസ് വൈദ്യൻെറ നേതൃത്വത്തിൽ സജിയെ സമുചിതമായി യാത്രയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.