ഹറമില്‍ ഭക്തസാഗരം തീര്‍ത്ത് ഇരുപത്തേഴാം രാവ്

മക്ക: ലൈലത്തുൽ ഖദ്റിൻെറ പുണ്യംതേടി തീ൪ഥാടകലക്ഷങ്ങൾ മക്കയിലെ മസ്ജിദുൽ ഹറാമിൽ സംഗമിച്ചു. റമദാനിലെ 27ാംരാവിന് ഹറമിൽ സാക്ഷികളാവാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് മക്കയിലെത്തിയത്. വിദേശികളും സ്വദേശികളുമായ തീ൪ഥാടകരും സന്ദ൪ശകരും സംഗമിച്ചതോടെ  ഹറമും പരിസരവും പ്രാ൪ഥനാമുഖരിതമായി. നമസ്കാരവേളകളിൽ മസ്ജിദുൽഹറാം നിറഞ്ഞൊഴുകി. നേരം പുലരുവോളം ഖു൪ആൻ പാരായണത്തിലും പ്രാ൪ഥനകളിലും മുഴുകിയാണ് വിശ്വാസികൾ പുണ്യരാവിന് വിട ചൊല്ലിയത്. വ്യാഴാഴ്ച വൈകുന്നേരമാവുമ്പോൾ തന്നെ മസ്ജിദും ചുറ്റുഭാഗത്തെ അങ്കണവും നിറഞ്ഞു നമസ്കാരത്തിൻെറ അണികൾ പുറത്തേക്കു പരന്നൊഴുകി. ഇതോടെ ആളുകൾ നമസ്കാരത്തിന് മസ്ജിദുൽഹറാമിലേക്ക് തിരക്കിയെത്തുന്നത് അവസാനിപ്പിക്കാനും സമീപത്തെ മറ്റു പള്ളികളിൽ നമസ്കാരം നി൪വഹിക്കാനും ആവശ്യപ്പെട്ട് സിവിൽ ഡിഫൻസ് എസ്.എം.എസ് അല൪ട്ട് നൽകി.
റമദാൻ അവസാനപത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലേക്കുള്ള തീ൪ഥാടകപ്രവാഹം ശക്തമായിരുന്നു. ഈദുൽ ഫിത്വ൪ അവധിക്കായി രാജ്യത്തെ ഗവൺമെൻറ് ഓഫിസുകൾ കൂടി അടച്ചതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആഭ്യന്തര തീ൪ഥാടകരുടെ പ്രവാഹം കൂടുതൽ ശക്തമായിരുന്നു. അവസാനപത്തിലെ തിരക്ക് കണക്കിലെടുത്ത് ഓരോ വകുപ്പും 27ാംരാവിനും നാളത്തെ ഖത്മുൽ ഖു൪ആൻ ദിവസത്തിനും പ്രത്യേക നടപടിക്രമങ്ങളാണ് ആവിഷ്കരിച്ചിരുന്നത്. 27ാം രാവും തൊട്ടടുത്ത ദിവസം അവസാന വെള്ളിയാഴ്ചയുമാകുന്നതിനാൽ ഉണ്ടായേക്കാവുന്ന തിരക്കൊഴിവാക്കാൻ മക്ക ഗവ൪ണ൪ അമീ൪ മിശ്അൽ ബിൻ അബ്ദുല്ല ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂ൪ത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നേരത്തെ നി൪ദേശം നൽകിയിരുന്നു. ഇരുഹറം കാര്യാലയം ആവശ്യമായ ഒരുക്കങ്ങൾ പൂ൪ത്തിയാക്കിയിരുന്നു. സുരക്ഷാ വകുപ്പിന് കീഴിൽ തീ൪ഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാനും തിരക്കൊഴിവാക്കാനും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഹറമിനകവും മുകളിലെ നിലയും നിറഞ്ഞു കവിഞ്ഞതോടെ നമസ്കരിക്കാനെത്തുന്നവരെ പുതിയ കെട്ടിടത്തിലേക്ക് തിരിച്ചുവിടാൻ ഹറം മുറ്റങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിരുന്നു.
27ാംരാവിനും ഖത്മുൽ ഖു൪ആനിനുമുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഇരുഹറമുകൾക്കടുത്തും റോഡുകളിലും സിവിൽ ഡിഫൻസിൻെറ കൂടുതൽ യൂനിറ്റുകൾ ഒരുക്കിയതായി സിവിൽ ഡിഫൻസ് മേധാവി കേണൽ സുലൈമാൻ ബിൻ അബ്ദുല്ല അംറ് പറഞ്ഞു. ഹറമിൻെറ വിവിധ ഭാഗങ്ങളിൽ പ്രായം കൂടിയവ൪ക്കും തിക്കിലും തിരക്കിലും പെടുന്നവ൪ക്കും അടിയന്തര ചികിത്സാസേവനങ്ങൾ നൽകാനും ആശുപത്രിയിലെത്തിക്കുന്നതിനുമുള്ള സംഘങ്ങളുടെ എണ്ണം വ൪ധിപ്പിച്ചിരുന്നു. തീ൪ഥാടക൪ക്ക് ആവശ്യമായ നി൪ദേശങ്ങളും മുന്നറിയിപ്പുകളും നൽകാൻ കൂടുതൽ സ്ക്രീനുകൾ സ്ഥാപിച്ചതായും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു. ട്രാഫിക് നിയന്ത്രണത്തിന് ഹറമിനടുത്ത് 1000·ത്തിലധികം പേരെ നിയോഗിച്ചിരുന്നതായി മക്ക ട്രാഫിക് മേധാവി കേണൽ സൽമാൻ അൽജുമഈ പറഞ്ഞു. റെഡ്ക്രസൻറിന് കീഴിൽ ആരോഗ്യ സേവനത്തിന് 500ഓളം വളണ്ടിയ൪മാ൪ രംഗത്തുണ്ടായിരുന്നു. ഇവ൪ക്ക്പുറമെ നിരവധി സ്കൗട്ട് വിദ്യാ൪ഥികളും സന്നദ്ധ സേവന പ്രവ൪ത്തകരും സേവനത്തിനുണ്ടായിരുന്നു. ഹറമിനടുത്ത സ്ഥലങ്ങളിൽ ശുചീകരണ ജോലികൾക്ക് മുനിസിപ്പാലിറ്റി കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു. ഹോട്ടലുകളിലും ലോഡ്ജുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.