തീരങ്ങള്‍ കടലെടുക്കുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ, പുന്നപ്ര മേഖലകളില്‍ കടലാക്രമണം ശക്തമായി. പുറക്കാട്, കരൂര്‍ അഞ്ചാലുംകാവ്, കോമന, നീര്‍ക്കുന്നം മാധവമുക്ക്, പുന്നപ്ര ചള്ളി കടപ്പുറം, പറവൂര്‍ ഭാഗങ്ങളിലാണ് തിങ്കളാഴ്ച തുടങ്ങിയ കടലാക്രമണം ശക്തമായി തുടരുന്നത്. നീര്‍ക്കുന്നം മാധവമുക്ക് ജങ്ഷന് സമീപം താമസിച്ചിരുന്ന പുതുവല്‍ ഭാഗത്തെ എട്ട് കുടുംബങ്ങളെ കടലാക്രമണം ശക്തമായതിനെ തുടര്‍ന്ന് വണ്ടാനം ശിശുവിഹാറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. കഴിഞ്ഞ മൂന്നുദിവസമായി ഈ മേഖലകളില്‍ കടലാക്രമണം ശക്തമാണ്. പുറക്കാട് പഞ്ചായത്തിലെ കടല്‍ഭിത്തിയില്ലാത്ത ഒന്ന്, 17 വാര്‍ഡുകളിലും കടലാക്രമണം ശക്തമാണ്. ഇവിടെ തിരമാലകള്‍ വീടുകളിലേക്ക് ഇരച്ചുകയറുന്നുണ്ട്. റവന്യൂ അധികൃതര്‍ കടലാക്രമണപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കാലവര്‍ഷം കനത്തതോടെ കടലിളക്കത്തിനും ശക്തികൂടി. രണ്ടാഴ്ചയായി അല്‍പമൊന്ന് ശാന്തമായി കിടന്ന കടല്‍ വീണ്ടും പ്രക്ഷുബ്ധമായതോടെ തീരവാസികള്‍ കടുത്ത ഭീതിയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി, വട്ടച്ചാല്‍, നല്ലാണിക്കല്‍, രാമഞ്ചേരി ഭാഗങ്ങളില്‍ വന്‍തോതിലാണ് കര കടലെടുക്കുന്നത്. ഇവിടെ കടല്‍ഭിത്തിയും കടന്ന് 15 മീറ്ററിലേറെ കര കടലെടുത്തിട്ടുണ്ട്. പെരുമ്പള്ളി ജങ്കാര്‍ ജങ്ഷന് വടക്കുഭാഗത്ത് വലിയഴീക്കല്‍-തൃക്കുന്നപ്പുഴ തീരദേശ റോഡ് ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ഇവിടെ റോഡിന് അടുത്തുവരെ കടലെത്തിക്കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പുണ്ടായ കടലാക്രമണത്തില്‍ തകര്‍ച്ചാഭീഷണി നേരിട്ട റോഡ് സംരക്ഷിക്കാന്‍ ഇവിടെ ഇറക്കിയ കല്ലുകള്‍ ഭൂരിഭാഗവും മണ്ണിനടിയിലായി. വട്ടച്ചാല്‍, രാമഞ്ചേരി, നല്ലാണിക്കല്‍ ഭാഗങ്ങളില്‍ നിരവധി തെങ്ങുകള്‍ കടപുഴകി. കള്ളിക്കാട് ഭാഗത്ത് നിരവധി വീടുകളും കടകളും കടലാക്രമണ ഭീഷണിയിലാണ്. ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍ വരെ ഭാഗത്ത് റോഡിലേക്ക് അരികിലെ കുഴി നികത്താനുപയോഗിച്ച കല്ലുകള്‍ അടിച്ചുകയറുകയാണ്. കടലാക്രമണം ശക്തമായതിനെ തുടര്‍ന്ന് ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. തൃക്കുന്നപ്പുഴ മതുക്കല്‍ ഭാഗത്ത് നിര്‍മാണത്തിലിരിക്കുന്ന ഫിഷ്ലാന്‍ഡിങ് സെന്‍ററിന്‍െറ കെട്ടിടങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. പാനൂര്‍, പല്ലന ഭാഗങ്ങളില്‍ നൂറോളം വീടുകളും തകര്‍ച്ചാഭീഷണിയിലാണ്. കടലാക്രമണ ഭീഷണി കൂടുതലുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.