കടല്‍ഭിത്തി തകര്‍ന്നു; കുടുംബങ്ങള്‍ ഭീഷണിയില്‍

കോഴിക്കോട്: വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപം കോന്നാട് ബീച്ചില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കരിങ്കല്‍ സംരക്ഷണഭിത്തി ശക്തമായ തിരയില്‍ തകര്‍ന്നു. നിരവധി വീടുകള്‍ അപകട ഭീഷണിയില്‍. കോന്നാട് ബീച്ച് റോഡിനോടു ചേര്‍ന്ന കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്‍െറ ( സി.എം.എഫ്.ആര്‍.ഐ) ഭൂമിയില്‍ നിര്‍മിച്ച ദുര്‍ബലമായ മതില്‍ അപ്പാടെ തകര്‍ന്ന് കടലില്‍ പതിച്ചതിനാല്‍ തൊട്ടടുത്ത ജനവാസ കേന്ദ്രത്തിലേക്ക് പടുകൂറ്റന്‍ തിരകള്‍ കയറുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പ് പത്തു വര്‍ഷം മുമ്പാരംഭിച്ച കടല്‍ സംരക്ഷണ ഭിത്തി നിര്‍മാണം ഈ ഭാഗത്ത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സംരക്ഷണ ഭിത്തിയില്‍നിന്ന് മൂന്നു മീറ്റര്‍ മാറി നിരവധി കുടുംബങ്ങള്‍ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. ഇവരില്‍ പുത്തന്‍വീട്ടില്‍ കവിതാ സുനില്‍, അമ്മ കാര്‍ത്യായനി, ബൈത്തുല്‍ മൊയ്തീന്‍ വീട്ടില്‍ സാബിറ എന്നിവരുടെ കുടിലുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ഭര്‍ത്താവ് സുനിലും രണ്ട് ഇരട്ടക്കുട്ടികളുമടങ്ങുന്ന കവിതയുടെ കുടുംബം താമസിക്കുന്ന ഓലകൊണ്ട് മറച്ച കുടിലിനു മുകളിലേക്ക് കടല്‍വെള്ളം അടിച്ചുകയറുന്നുണ്ട്. ആദ്യ പ്രസവത്തില്‍ ലഭിച്ച മൂന്നു കുഞ്ഞുങ്ങളില്‍ ഒന്ന് തണുപ്പും പനിയും ബാധിച്ച് അടുത്തിടെ മരിച്ചു. കിടന്നുറങ്ങാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ രണ്ട് കൈക്കുഞ്ഞുങ്ങളുമായി കവിതയും ഭര്‍ത്താവും കുടിലില്‍ ഭീതിയോടെ കഴിയുകയാണ്. കടല്‍ഭിത്തിയുടെ തൊട്ടടുത്താണ് സാബിറയുടെ കുടില്‍. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ കടല്‍ ക്ഷോഭത്തില്‍ സാബിറയുടെ ആദ്യത്തെ വീട് തകര്‍ന്നതാണ്. സര്‍ക്കാറിന്‍െറ സൗജന്യ പാര്‍പ്പിടം പദ്ധതി പ്രകാരം കോന്നാട് മേഖലയില്‍ നിരവധി കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ചു നല്‍കിയെങ്കിലും താനടക്കം ഏതാനും കുടുംബങ്ങളെ തഴഞ്ഞതായി സാബിറ പറയുന്നു. കോന്നാട് കോളനിയുടെ തൊട്ടടുത്തുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്‍െറ ഭൂമിക്ക് ചുറ്റും മതില്‍ കടല്‍തീരത്തേക്ക് ഇറക്കി കെട്ടിയതിനാലാണ് ഇത്തവണ കടല്‍ക്ഷോഭം ശക്തമാവാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വലുപ്പം കുറഞ്ഞ കരിങ്കല്ലുകള്‍ മണലില്‍ നിരത്തി അതിനുമേല്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച മതിലിനാവട്ടെ മതിയായ അടിത്തറ പോലുമില്ല. തീരത്തിനോട് ചേര്‍ന്ന് മതില്‍ കെട്ടിയതിനാല്‍ ശക്തമായ തിരകള്‍ ഒഴിഞ്ഞുപോകാനാവാതെ കോന്നാട് കോളനിയിലേക്ക് തള്ളിക്കയറുന്നതാണ് കരിങ്കല്‍ ഭിത്തി തകരാന്‍ കാരണമായതെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇതിനടുത്ത ടാര്‍റോഡ് വിണ്ടുകീറിയതിനാല്‍ സംരക്ഷണഭിത്തി അടിയോടെ കടലില്‍ പതിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.