മുസ്രിസിന്‍െറ അവശിഷ്ടം: നഗരസഭയും മര്‍ച്ചന്‍റ്സ് അസോസിയേഷനും നിയമയുദ്ധത്തിന്

മത്തേല: മുസ്രിസിന്‍െറ അവശിഷ്ടത്തെ ചൊല്ലി കൊടുങ്ങല്ലൂര്‍ നഗരസഭയും കോട്ടപ്പുറം മര്‍ച്ചന്‍റ്സ് അസോസിയേഷനും നിയമയുദ്ധത്തിനൊരുങ്ങുന്നു. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായ മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം മാര്‍ക്കറ്റില്‍ പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളാണ് നഗരസഭയും വ്യാപാരികളും തമ്മിലുള്ള പോരിന് വഴിവെച്ചത്. മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും അസോസിയേഷന്‍െറ സമ്മതമില്ലാതെ കോട്ടപ്പുറം ചന്തയില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി സൂക്ഷിച്ചുവരുകയാണ്. തങ്ങളുടെ സ്ഥലത്തുനിന്നും കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ മുസ്രിസ് പൈതൃകപദ്ധതിയുടെ സ്പെഷല്‍ ഓഫിസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് അസോസിയേഷനോട് തന്നെ തല്‍ക്കാലം അവശിഷ്ടങ്ങള്‍ മാറ്റാന്‍ സ്പെഷല്‍ ഓഫിസര്‍ പറഞ്ഞതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. തുടര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങിയത്. സംഭവമറിഞ്ഞത്തെിയ നഗരസഭ കൗണ്‍സിലര്‍ ഇവ കൊണ്ടുപോകുന്നത് തടയുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്ക് അവകാശവാദവുമായി കൊടുങ്ങല്ലൂര്‍ നഗരസഭ രംഗത്തുവരുകയും അധികൃതര്‍ സ്ഥലത്തത്തെി അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഒടുവില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടാവശിഷ്ടങ്ങള്‍ അനുമതിയില്ലാതെ നീക്കം ചെയ്തതിനെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു നഗരസഭയുടെ നിലപാട്. തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് പകരം അസോസിയേഷന്‍െറ വക സ്ഥലം കൈയേറുകയും ഭീഷണിപ്പെടുത്തുകയും കേസ് കൊടുക്കുകയും ചെയ്തതായി അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. അസോസിയേഷന്‍െറ അനുമതിയില്ലാതെ മാലിന്യം നിക്ഷേപിച്ചത് നീക്കിത്തരണമെന്നും കേസ് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ അനുമതിയില്ലാതെ സ്ഥലം കൈയേറി കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയ നഗരസഭക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന തീരുമാനത്തില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനും എത്തി. ഇരുവിഭാഗവും നിയമനടപടിക്ക് ഒരുങ്ങിയതോടെ മുസ്രിസിന്‍െറ കെട്ടിടാവശിഷ്ടങ്ങള്‍ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.