മലപ്പുറത്ത് ഒന്നേകാല്‍ ലക്ഷം രൂപ ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍

മലപ്പുറം: മുണ്ടുപറമ്പ് എ.എം.യു.പി സ്കൂളിന് സമീപം റോഡരികില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ വിദ്യാര്‍ഥികളാണ് ചാക്കുകെട്ടിനിടയില്‍ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ നോട്ടുകള്‍ കണ്ടത്. പ്രധാനാധ്യാപകന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മലപ്പുറം പൊലീസെത്തി പണം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ച്ചയായി കവര്‍ച്ചകള്‍ നടന്ന കോട്ടപ്പടിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ പരിധിയിലാണ് സംഭവമെന്നതിനാല്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സ്കൂള്‍ കോമ്പൗണ്ടിന് പുറത്ത് പോക്കറ്റ് റോഡിലാണ് പണം കിടന്നിരുന്നത്. കുറേ നോട്ടുകള്‍ മഴയില്‍ക്കുതിര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാതായിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് അധ്യാപകരോട് പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ആകെ 1,22,400 രൂപയാണുണ്ടായിരുന്നത്. ആയിരത്തിന്‍െറ 72ഉം 500ന്‍െറ 73ഉം 100ന്‍െറ ഏഴും നോട്ടുകളുമായി 1,09,200 രൂപക്ക് കേടുപാടില്ല. ആയിരത്തിന്‍െറ 11ഉം 500ന്‍െറ ആറും 100ന്‍െറ രണ്ടും നോട്ടുകള്‍ നനഞ്ഞ് കുതിര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി കോട്ടപ്പടിയിലെ സ്പെന്‍സര്‍ മൊബൈല്‍കടയില്‍ നിന്ന് 1,25,000 രൂപയും 20,25,000 രൂപയുടെ വാച്ച്, മൊബൈല്‍ ഫോണ്‍, അനുബന്ധ ഉപകണങ്ങള്‍ എന്നിവയും മോഷണം പോയിരുന്നു. വെള്ളിയാഴ്ച കോട്ടപ്പടയിലെ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും 19,500 രൂപയും കവര്‍ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.