മേയര്‍ക്കെതിരെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍; വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിലെ ക്ളോക്ക് റൂം കടമുറികളാക്കിയ സംഭവത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെയും ആക്ഷേപം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. കോര്‍പറേഷന്‍ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് ബി.ജെ.പി അംഗങ്ങളും നടുത്തളത്തില്‍ കുത്തിയിരുന്നു. ശനിയാഴ്ച രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ക്ളോക്ക് റൂം കടമുറികളാക്കിയ വിവാദസംഭവത്തില്‍ മേയര്‍ രാജന്‍ ജെ. പല്ലനെ പ്രതിക്കൂട്ടിലാക്കിയ വിമര്‍ശമുയര്‍ന്നത്. സംഭവത്തില്‍ അഴിമതിയാരോപണം നേരിട്ട നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡേവിസിലാസാണ് മേയറെ പ്രതിക്കൂട്ടിലാക്കിയത്. വിവാദ വിഷയത്തില്‍ ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പഴിചാരി തര്‍ക്കിച്ചു. കൗണ്‍സില്‍ ആരംഭിച്ച ഉടന്‍ പ്രതിപക്ഷത്തെ അഡ്വ. എം.പി. ശ്രീനിവാസനാണ് ക്ളോക്ക് റൂം വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രതിപക്ഷം കത്ത് നല്‍കിയത് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ടത്. പ്രതിപക്ഷാംഗങ്ങളായ സാറാമ്മ റോബ്സണും ജോണ്‍ കാഞ്ഞിരത്തിങ്കലും ഇത് ഏറ്റുപിടിച്ചു. ഭരണപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ മേയര്‍ ഐ.പി. പോളും സി.എസ്. ശ്രീനിവാസനും സിദ്ധാര്‍ഥനും മുകേഷ് കുളപ്പറമ്പിലും സന്തോഷും നാന്‍സി അക്കരപറ്റിയും ക്ളോക്ക് റൂം വിഷയത്തില്‍ അഴിമതിയില്ലെന്നും വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും ആവര്‍ത്തിച്ചു. കൗണ്‍സിലര്‍മാരെ അഴിമതിക്കാരായി ചിത്രീകരിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന വിധം വ്യാപക പ്രചാരണത്തിന് ഇടവന്നതായി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. സര്‍വീസ് കാലത്ത് ഒരു ആരോപണവും നേരിട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിദ്ധാര്‍ഥന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മേയര്‍ നിലപാട് വ്യക്തമാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വ്യവസ്ഥ ലംഘിച്ച് കരാറുകാരന്‍ അവിടെ നിര്‍മാണ പ്രവൃത്തി നടത്തിയെന്നും ഇയാളുടെ കരാര്‍ റദ്ദാക്കണമെന്നും സി.എസ്. ശ്രീനിവാസന്‍ പറഞ്ഞു. ചര്‍ച്ചക്ക് മറുപടി പറഞ്ഞ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡേവിസിലാസ് പക്ഷേ, തുറന്നടിച്ചു. വിവാദമായ ക്ളോക്ക് റൂം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഡേവിസിലാസ് താന്‍ അഴിമതിക്കാരനാണെന്ന് വരുംവിധത്തില്‍ മേയര്‍, താന്‍ പൂട്ടിയ ക്ളോക്ക് റൂം തുറന്നു കൊടുത്തുവെന്ന ആക്ഷേപമുന്നയിക്കുകയായിരുന്നുവെന്ന് തുറന്നടിച്ചു. മേയറല്ല ക്ളോക്ക് റൂം പൂട്ടിയതെന്നും ആര്‍.ഒ ആണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ക്ളോക്ക് റൂമില്‍ വെച്ചിരുന്ന സാധനങ്ങള്‍ എടുക്കാന്‍ ആളുകളെത്തിയപ്പോള്‍ എടുത്തു കൊടുക്കാനാണ് അനുമതി നല്‍കിയത്. സംഭവത്തില്‍ നിരപരാധിയായ റവന്യൂ ഓഫിസര്‍ക്കെതിരെ നടപടിയെടുത്ത മേയറുടെ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി. ക്ളോക്ക് റൂം സംബന്ധിച്ച ഫയല്‍ മേയര്‍ പിടിച്ചുവെച്ചുവെന്നും താനോ, കമ്മിറ്റിയോ ഇത് കണ്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷവും കൗണ്‍സിലര്‍മാരും അഴിമതിയാരോപണമുന്നയിച്ചപ്പോഴും തനിക്ക് ഒന്നും തോന്നിയില്ലെന്നും മേയറുടെ നിലപാട് വേദനിപ്പിച്ചുവെന്നും ഡേവിസിലാസ് വ്യക്തമാക്കി. ഡേവിസിലാസിന്‍െറ മറുപടിക്ക് ശേഷം, സുതാര്യമായ നടപടികള്‍ മാത്രമെ തന്‍െറ ഭരണകാലത്ത് നടത്തൂവെന്നും അനധികൃത പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നും മേയര്‍ പറഞ്ഞു. ക്ളോക്ക് റൂം തുറന്നുകൊടുത്തതില്‍ ആര്‍.ഒയാണ് കുറ്റക്കാരനെന്ന് തന്‍െറ അന്വേഷണത്തില്‍ അറിവായെന്നും ആര്‍.ഒ സമ്മതിച്ചുവെന്നും അതുകൊണ്ടാണ് നടപടിയെടുത്തതെന്നും മേയര്‍ വ്യക്തമാക്കി. റോഡുകളുടെ സെന്‍റര്‍ മീഡിയനുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിന് നഗരാസൂത്രണ വിഭാഗം അനുമതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പാട്ടുരായ്ക്കലിലെ ട്രാഫിക് പരിഷ്കാരത്തില്‍ കോര്‍പറേഷനെ നോക്കുകുത്തിയാക്കിയ പൊലീസ് നടപടിയും വിമര്‍ശിക്കപ്പെട്ടു. ഇത്തരം നടപടികള്‍ക്ക് അനുമതി നല്‍കരുതെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുരിയച്ചിറയിലെ അറവുശാലയില്‍ കരാറുകാരന്‍ അനധികൃത ഫീസ് വാങ്ങുന്നെന്ന ആരോപണവും നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യം, പാലസ് റോഡില്‍ പൈപ് പൊട്ടി വെള്ളം പാഴാകല്‍ തുടിങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടന്നു. ജാതി സെന്‍സസ് സ്ഥിതിവിവര ശേഖരണത്തിനായി നല്‍കിയ ഫോറത്തില്‍ അവ്യക്തത ഉണ്ടെന്നും വിവരശേഖരണത്തിന് തടസ്സമുണ്ടെന്നും പോരായ്മ പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും അഡ്വ. മുകുന്ദന്‍ ആക്ഷേപമുന്നയിച്ചു. കൗണ്‍സിലര്‍മാരായ കെ. രാമനാഥന്‍, ലാലി ജയിംസ്, ഫ്രാന്‍സീസ് ചാലിശേരി, അഡ്വ. എം.പി. ശ്രീനിവാസന്‍, സി.എസ്. ശ്രീനിവാസന്‍, എം.എല്‍. റോസി എന്നിവരും വിഷയം ഉന്നയിച്ചതോടെ ഇതുസംബന്ധിച്ച കൗണ്‍സിലിന്‍െറ വികാരം സര്‍ക്കാറിനെ അറിയിക്കാമെന്ന് മേയര്‍ അറിയിച്ചു. ബി.പി.എല്‍ കാര്‍ഡ് സംബന്ധിച്ച് റേഷന്‍ കടയുടമകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന ആക്ഷേപവും സര്‍ക്കാറിനെ അറിയിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.