അഞ്ചു വര്‍ഷംകൊണ്ട് സ്ത്രീകള്‍ ഭയക്കാത്ത കേരളം –എ.ഡി.ജി.പി

കൊച്ചി: ‘നിര്‍ഭയകേരളം സുരക്ഷിതകേരളം’ പദ്ധതിയിലൂടെ അഞ്ചുവര്‍ഷംകൊണ്ട് സ്ത്രീകള്‍ ഭയക്കാത്ത കേരളം സൃഷ്ടിച്ചെടുക്കാമെന്ന് എ.ഡി.ജി.പി ശ്രീലേഖ. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുത്ത് സമൂഹത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ പ്രാരംഭഘട്ടമായി സംഘടിപ്പിച്ച നിര്‍ഭയ വോളന്‍റിയര്‍മാരുടെ മാര്‍ഗനിര്‍ദേശ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അപകടങ്ങളില്‍ സംരക്ഷണം ഇല്ലാത്തതുകൊണ്ടുള്ള ഭയമാണ് കേരളത്തിലെ സ്ത്രീകള്‍ക്ക്. പ്രതിയെ പിടിക്കാനുള്ള അന്വേഷണത്തിനിടെ പല സ്ത്രീകളും അയാള്‍ തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അറിയിച്ച് മുന്നോട്ടുവന്നു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 190 കോടിയാണ് നിര്‍ഭയക്ക് അനുവദിച്ചിട്ടുള്ളത്. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ നാലുശതമാനം മാത്രമുള്ള കേരളത്തില്‍ സ്ത്രീകളെ സഹായിക്കാന്‍ നിര്‍ഭയ വോളന്‍റിയര്‍മാരെ പരിശീലിപ്പിച്ച് ഉപയോഗിക്കാനുള്ള ശ്രമമാണിത്. ക്രൈം മാപ്പിങ്ങാണ് ആദ്യമായി നിര്‍ഭയ സേവികമാര്‍ ചെയ്യുന്ന ജോലി. പ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ടത്തില്‍ ഗൃഹങ്ങളെ കേന്ദ്രീകരിച്ചും അടുത്ത ഘട്ടത്തില്‍ സ്കൂളുകളെ കേന്ദ്രീകരിച്ചും നിര്‍ഭയ സേവികമാര്‍ പ്രവര്‍ത്തിക്കും. സ്കൂളുകളില്‍ നിര്‍ഭയ ക്ളബുകള്‍ തുടങ്ങി പെണ്‍കുട്ടികളെ സ്വയരക്ഷക്കുള്ള ഉപാധികളും ആണ്‍കുട്ടികളെ സ്ത്രീയെ ബഹുമാനിക്കുന്നതിനുള്ള ക്ളാസുകളും മാര്‍ഗനിര്‍ദേശങ്ങളും പരിശീലിപ്പിക്കും. മൂന്നാംഘട്ടത്തില്‍ ജോലിസ്ഥങ്ങളിലേക്കും നാലാം ഘട്ടമായി പൊതുസ്ഥലങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിര്‍ഭയ റോഡുകളും നിര്‍ഭയ വീഥികളും പ്രഖ്യാപിച്ച് സ്ത്രീകള്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാന്‍ പറ്റുന്ന അവസ്ഥ സംജാതമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വനിതസുരക്ഷ ബസും ഓട്ടോയും പദ്ധതിയുടെ ഭാഗമാകും. സ്ത്രീകള്‍ക്ക് ശരീരത്തില്‍ സൂക്ഷിക്കാവുന്ന ചിപ്പ് രൂപത്തിലെ ജി.പി.ആര്‍ അലര്‍ട്ടുകള്‍ നല്‍കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുത്ത് സമൂഹത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ പ്രാരംഭഘട്ടമായി സംഘടിപ്പിച്ച നിര്‍ഭയ വോളന്‍റിയര്‍മാരുടെ പരിശീലനത്തിന് സ്ത്രീകളുടെ വന്‍തിരക്കായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ എങ്ങനെ ചെറുക്കണം എന്നുതുടങ്ങി കുട്ടികളുടെ പ്രണയത്തെ എങ്ങനെ നേരിടണം എന്നുവരെയുള്ള ചോദ്യങ്ങള്‍കൊണ്ട് വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍ ചര്‍ച്ചയില്‍ സജീവമായി. പൊലീസ് കമീഷണര്‍ കെ.ജി. ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.പി ആര്‍. നിശാന്തിനി, ചൈല്‍ഡ് റൈറ്റ്സ് ആക്ടിവിസ്റ്റും നടിയുമായ രഞ്ജിനി, ഡോ. ആഷ ജോസഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.