ട്രാഫിക് പൊലീസ് അംഗബലം വര്‍ധിപ്പിക്കാന്‍ നടപടി– മന്ത്രി ബാബു

കൊച്ചി: നഗരത്തിലെ വര്‍ധിക്കുന്ന ഗതാഗതക്കുരുക്ക് പരിഗണിച്ച് ട്രാഫിക് പൊലീസുകാരുടെ അംഗബലം വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് മന്ത്രി കെ. ബാബു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ 27ാമത് കൊച്ചി സിറ്റി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചുവരികയാണ്. അതിന് പരിഹാരം കാണുന്നതിന് ആവശ്യമായ ജോലിയില്‍ ഏര്‍പ്പെടേണ്ട ട്രാഫിക് പൊലീസുകാരുടെ എണ്ണവും കുറവാണ്. ആ സാഹചര്യത്തിലാണ് ട്രാഫിക് പൊലീസുകാരുടെ അംഗബലം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. ശമ്പളപരിഷ്കരണത്തില്‍ പൊലീസിന് അര്‍ഹമായ പരിഗണന നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാപ്രസിഡന്‍റ് ബൈജു പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി കെ. മണികണ്ഠന്‍നായര്‍, വൈസ്പ്രസിഡന്‍റ് ലിയോ ജോസഫ്, ജില്ലാസെക്രട്ടറി സക്കീര്‍ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസ്, ഡി.സി.പി മുഹമ്മദ് റഫീക്ക് എന്നിവര്‍ സംസാരിച്ചു. സിറ്റി പൊലീസ് കമീഷണര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പൊലീസുകാര്‍ക്കും സിറ്റി കോമ്പന്‍സേഷന്‍ അലവന്‍സ് നല്‍കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ധിച്ച് വരുന്ന ജോലിഭാരം പരിഗണിച്ച് സേനാംഗങ്ങളുടെ അംഗബലം വര്‍ധിപ്പിക്കണം, പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കണം, ശമ്പളപരിഷ്കരണത്തിന് സേനാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.