ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവ്

റിയാദ്: ചെറുകിട സ്ഥാപനങ്ങൾ വിദേശി തൊഴിലാളികളുടെ പേരിൽ ഗവൺമെൻറിലേക്ക് ഒടുക്കേണ്ട 2400 സൗദി റിയാൽ ലെവിയിൽ ഇളവ് അനുവദിക്കാൻ സൗദി മന്ത്രിസഭ തീരുമാനം. തൊഴിലുടമയുൾപ്പെടെ ഒമ്പതു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശിതൊഴിലാളികളെ 2400 റിയാൽ ലെവിയിൽനിന്നു ഒഴിവാക്കി. സ്ഥാപനത്തിൻെറ ഉടമ രജിസ്റ്റ൪ ചെയ്യപ്പെട്ട ജീവനക്കാരനായിരിക്കണമെന്ന നിബന്ധനയോടെയാണ് ഈ ആനുകൂല്യം. തിങ്കളാഴ്ച ചേ൪ന്ന മന്ത്രിസഭായോഗത്തിലാണ് രാജ്യത്തെ വലിയൊരുവിഭാഗം സ്ഥാപനങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനമുണ്ടായത്. നാലു വിദേശികളെ കൂടാതെ സ്വദേശിവനിതകളെ വിവാഹം കഴിച്ചവരോ, സൗദിപൗരത്വമുള്ള അവരുടെ മക്കളോ, ആഭ്യന്തര മന്ത്രാലയത്തിൻെറ പ്രത്യേക ഇളവ്പ്രകാരം സ്വദേശത്തേക്ക് കയറ്റിവിടുന്നതിൽനിന്ന് വിടുതി ലഭിച്ച വിദേശികളോ ജോലിക്കാരായി ഉണ്ടെങ്കിൽ അവ൪ക്കും ലെവി ഒടുക്കേണ്ടതില്ല.
2012 നവംബ൪ 15 നാണ് സ്വകാര്യമേഖലയിൽ പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങളിലെ സ്വദേശി അനുപാതത്തിന് മുകളിലുള്ള എല്ലാ വിദേശികൾക്കും 2400 റിയാൽ ലെവി ചുമത്തിയത്. സ്വദേശിവത്കരണത്തിന് സമ്മ൪ദം ചെലുത്തുന്നതിന് സ്വീകരിച്ച ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യമേഖലയിലെ സ്ഥാപന ഉടമകളിൽനിന്ന് അന്ന്തന്നെ ആവശ്യം ശക്തമായിരുന്നു. ലെവി ചുമത്താനുള്ള നി൪ദേശം വരുന്ന 2012 നവംബ൪ 15നു മുമ്പ് സ൪ക്കാ൪തല പ്രവൃത്തികൾക്ക് കരാ൪ ഒപ്പിട്ട കരാ൪ സ്ഥാപനങ്ങൾക്ക് ലെവി ചുമത്തിയത് മൂലമുണ്ടായ സാമ്പത്തികനഷ്ടത്തിന് പരിഹാരം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ തൊഴിൽ മന്ത്രാലയത്തിൻെറ മേൽനോട്ടത്തിൽ സമിതിയെ നിയോഗിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച് തൊഴിൽമന്ത്ര ിസമ൪പ്പിച്ച നി൪ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ധന, വ്യവസായ- വാണിജ്യ മന്ത്രാലയങ്ങൾ പങ്കാളികളാകുന്ന സമിതിയുടെ കാലാവധി മൂന്ന് മാസമാണ്.
ചെറുകിട സ്ഥാപനങ്ങളെ ലെവിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനത്തെ തൊഴിൽ മന്ത്രി എൻജി. ആദിൽ ഫഖീഹ് സ്വാഗതം ചെയ്തു. ചെറുകിട സ്ഥാപനങ്ങളുടെ വള൪ച്ചക്ക് തീരുമാനം ഫലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപന ഉടമകൾക്ക് സാമ്പത്തിക ഭാരം ലഘൂകരിക്കുക വഴി പ്രവ൪ത്തനങ്ങൾ വിപുലപ്പെടുത്താനാവും. സ്വകാര്യമേഖലയുടെ താൽപര്യങ്ങൾക്ക് അനുഗുണവും പ്രോൽസാഹനവുമാണ് ഗവൺമെൻറ് തീരുമാനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സ്ഥാപനത്തിൻെറ ഉടമ അതിലെ ജീവനക്കാരനായിരിക്കണമെന്ന നിബന്ധന ഇത്തരം സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ ലക്ഷ്യംവെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
ലെവിനിയമം നടപ്പിൽ വരുന്നതിന് മുമ്പ് സ൪ക്കാ൪ പ്രവൃത്തികൾക്ക് കരാ൪ ഒപ്പിട്ട സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടപരിഹാരം നൽകണമെന്ന സ്ഥാപന ഉടമകളുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് തൊഴിൽ മന്ത്രി എൻജി. ആദിൽ ഫഖീഹ് മന്ത്രിസഭക്ക് നി൪ദേശം സമ൪പ്പിച്ചത്. മൂന്നു മാസത്തിനകം കമ്മിറ്റി സമ൪പ്പിക്കുന്ന പഠന റിപ്പോ൪ട്ട് അംഗീകരിക്കപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾക്ക് സാമ്പത്തികമായി വലിയ സഹായമാകും ലഭ്യമാകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.