ജിദ്ദ: റിയാദ് ഇന്ത്യൻ എംബസി, ജിദ്ദ കോൺസുലേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ ഉദ്യോസ്ഥരെ നിയമിച്ച് സാമൂഹിക ക്ഷേമ വിഭാഗത്തിൻെറ പ്രവ൪ത്തനം വിപുലമാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് തെലങ്കാനയിൽ നിന്നുള്ള എം.പിമാ൪ ആവശ്യപ്പെട്ടതായി ഗൾഫ് തെലങ്കാന എംപ്ളോയീസ് ഫോറം സൗദി ചാപ്റ്റ൪ പ്രസിഡൻറ് മുഅസം അലി ഇഫ്തികാ൪ അറിയിച്ചു.
തിങ്കളാഴ്ച വിദേശകാര്യ മന്ത്രിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിലാണ് എം.പിമാ൪ ഇക്കാര്യം ഉന്നയിച്ചത്. സൗദിയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് നി൪ദേശങ്ങൾ സമ൪പ്പിക്കണമെന്ന മന്ത്രിയുടെ ആവശ്യപ്രകാരമാണ് എം.പിമാ൪ ഇക്കാര്യം മുന്നോട്ട് വെച്ചത്.
കേരളം കഴിഞ്ഞാൽ കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ള പ്രദേശമെന്ന നിലയിലാണ് തെലങ്കാനയിൽ നിന്നുള്ള എം.പിമാരോട് അഭിപ്രായം തേടിയതെന്ന് മുഅസം അലി ഇഫ്തികാ൪ പറഞ്ഞു. എം.പിമാരായ അസദുദ്ദീൻ ഉവൈസി (എ.ഐ.എം.ഐ.എം), തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻെറ മകൾ കെ. കവിത, എ.പി. ജിതേന്ദ്ര റെഡി, പി. വിനോദ് (ടി.ആ൪.എസ്), ബി. ദത്താത്രേയ (ബി.ജെ.പി) എന്നിവരക്കമുള്ള 17 അംഗ സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംഘത്തിൽ സീമാന്ധ്രയിൽ നിന്നുള്ള ചില എം.പിമാരുമുണ്ടായിരുന്നു.
പ്രവാസി ഇന്ത്യക്കാ൪ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാമൂഹികക്ഷേമ വിഭാഗത്തെ ശക്തിപ്പെടുത്തൽ അനിവാര്യമാണെന്നാണ് എം.പിമാ൪ മന്ത്രിയെ ധരിപ്പിച്ചത്.
എംബസി, കോൺസുലേറ്റ് സേവനങ്ങൾ നേരിട്ട് ലഭിക്കാത്ത ദമ്മാം, അബ്ഹ, ഖസീം മേഖലകളിൽ സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കുക, പ്രവാസി ക്ഷേമത്തിനായി 2000 കോടിയുടെ ഫണ്ട് അനുവദിക്കുക, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിവര ശേഖരണം നടത്തുക, വിദൂര പ്രദേശങ്ങളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സന്ദ൪ശനം വ൪ധിപ്പിക്കുക, സാമൂഹികക്ഷേമ വിഭാഗം ജീവനക്കാ൪ക്ക് വാഹനം നൽകുക, ജീവകാരുണ്യ പ്രവ൪ത്തനം നടത്തുന്നവ൪ക്ക് എംബസിയുടെ പിന്തുണ ഉറപ്പാക്കുക തുടങ്ങിയ നി൪ദേശങ്ങളും എം.പിമാ൪ വിദേശകാര്യ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ചുമതലയുള്ള സഹമന്ത്രി ജനറൽ വി.കെ. സിങും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.