‘തലയെണ്ണല്‍’ പൂര്‍ത്തിയായി; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്

പാലക്കാട്: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തലയെണ്ണല്‍ പൂര്‍ത്തീകരിച്ചതോടെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 1270ഓളം അധ്യാപകര്‍ പുറത്താവാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തെ തലയെണ്ണലനുസരിച്ച് ഇപ്പോള്‍ തന്നെ എയ്ഡഡ് മേഖലയില്‍ 685 പേരും സര്‍ക്കാര്‍ മേഖലയില്‍ 387 പേരും അധ്യാപക ബാങ്കിലേക്ക് മാറും. ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ പുതിയ കണക്ക് കൂടിയാവുന്നതോടെ ഇരുനൂറോളം പേര്‍ കൂടി പുറത്താവും. ഇവര്‍ക്ക് ജൂലൈ മാസം മുതല്‍ ശമ്പളം ലഭിക്കാനിടയില്ല. വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറക്കുന്നതിനായി മേയ് 23ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഇവരുടെ ശമ്പളം അടുത്ത പോസ്റ്റിങ് ലഭിക്കുമ്പോള്‍ മാത്രമേ നല്‍കാന്‍ വകുപ്പുള്ളൂ. ഇത് മറികടന്ന് ശമ്പളം നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് കഴിയില്ല. ജില്ലയില്‍ ഇത്തവണ 6,600നും 7000ത്തിനുമിടയില്‍ കുട്ടികള്‍ കുറഞ്ഞിട്ടുണ്ട്. എയ്ഡഡ് മേഖലയിലാണ് കൂടുതല്‍ കുട്ടികള്‍ കുറവുള്ളത്. ഇത്തവണ ജില്ലയില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത് 28,353 പേര്‍. ഇതില്‍ 14,103 പേര്‍ ആണ്‍കുട്ടികളും 14,250 പെണ്‍കുട്ടികളുമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഒന്നാം ക്ളാസില്‍ 403 കുട്ടികള്‍ കൂടുതലായി ചേര്‍ന്നിട്ടുണ്ട്. 2013ല്‍ 27,942 പേരാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയിരുന്നത്. ജില്ലയില്‍ 1004 സ്കൂളുകളിലെ ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ 3,57,949 കുട്ടികളാണുള്ളത്. ഇതില്‍ 1,80,760 ആണ്‍കുട്ടികളും 1,77,189 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ വര്‍ഷം 3,64,946 കുട്ടികളുണ്ടായിരുന്നു. ഇത്തവണ 6,997 കുട്ടികള്‍ കുറഞ്ഞു. കുട്ടികളുടെ കുറവ് അധ്യാപക തസ്തികയെ ബാധിക്കും. വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറച്ചില്ലെങ്കില്‍ സീനിയോറിറ്റി കുറഞ്ഞവര്‍ക്ക് പുറത്തുപോവേണ്ടി വരും. ഇവര്‍ക്ക് റിട്ടയര്‍മെന്‍റ് ചെയ്യുന്ന ഒഴിവിലോ, കൂടുതല്‍ ഡിവിഷനുകള്‍ ഉണ്ടാവുമ്പോഴോ മാത്രമേ ജോലി ലഭിക്കുകയുള്ളൂ. അധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ ജൂണ്‍ 12ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.