കാസര്‍കോട്: ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിലവില്‍ വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കടലോരങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നതിനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ട്രോളിങ് നിരോധം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. മത്സ്യത്തൊഴിലാളികളുടെ കടങ്ങളിലും വായ്പകളിലുമുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി സൗജന്യ റേഷന്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് എഞ്ചിന്‍െറ കുതിരശക്തി കണക്കാക്കാതെ തന്നെ ഈ കാലയളവില്‍ ഉപരിതല മത്സ്യബന്ധനം നടത്താം. ജില്ലയില്‍ ആകെ 118 യന്ത്രവത്കൃത ബോട്ടുകളും 1588 യന്ത്രവത്കൃത വള്ളങ്ങളും 65 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വള്ളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് ആഴക്കടല്‍ മത്സ്യബന്ധനവും യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള എല്ലാത്തരം മീന്‍പിടിത്തവും ഈ കാലയളവില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നിരോധം ലംഘിക്കുന്ന മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുക്കും. ട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 14ന് മുമ്പ് കേരളതീരം വിട്ടുപോകണം. തീരദേശത്തുള്ള ഡീസല്‍ ബങ്കുകള്‍ ട്രോളിങ് നിരോധ കാലയളവില്‍ പ്രവര്‍ത്തിപ്പിക്കരുത്. ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കാനും പാടില്ല. ഫിഷറീസ് വകുപ്പ് ആരംഭിച്ച ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അപകടവിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം. കോസ്റ്റ്ഗാര്‍ഡിന്‍െറ ടോള്‍ ഫ്രീ നമ്പര്‍ 1554. ഹാര്‍ബറുകളും പുലിമുട്ടുകളും ഇല്ലാത്തതിനാല്‍ കടല്‍ക്ഷോഭമുള്ള സമയങ്ങളില്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കുന്നതിന് പ്രയാസം നേരിടുന്നതായി ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഫലപ്രദവും സമയോചിതവുമായ കടല്‍രക്ഷാ പ്രവര്‍ത്തനത്തിനും അനധികൃത മത്സ്യബന്ധനം തടയുന്നതിനും കടല്‍ പട്രോളിങ് ഊര്‍ജിതമാക്കുന്നതിന് ജില്ലയില്‍ ഒരു ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എച്ച്. റംല (കുമ്പള), ടി.വി. സാവിത്രി (വലിയപറമ്പ്), നജ്മ ഖാദര്‍ (മൊഗ്രാല്‍ പുത്തൂര്‍), മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ ആര്‍. ഗംഗാധരന്‍, കെ.വി. ഗംഗാധരന്‍, യു.എസ.് ബാലന്‍, കാറ്റാടി കുമാരന്‍, എം. അമ്പൂഞ്ഞി, സതീഷ് കാസര്‍കോട് കടപ്പുറം എന്നിവരും കാരികാരണവര്‍, പാണന്‍ കാരണവര്‍, കീഴൂര്‍ കണ്ണന്‍ കാരണവര്‍, കെ. രാഘവന്‍, ആര്‍. ജയചന്ദ്രന്‍, രമേശന്‍, ബി.ജി. ചന്ദ്രന്‍, ഡിവൈ.എസ്.പിമാരായ എം. പ്രദീപ് കുമാര്‍, ടി.പി. രഞ്ജിത്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എ.രാമചന്ദ്രന്‍, തീരദേശപൊലീസ് സേനയിലെ പി. ശേഖരന്‍, തീരദേശ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. മോഹനന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇന്‍ ചാര്‍ജ് ലാലാജി, ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.