കോട്ടയം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വരും മാസങ്ങളില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.എം. ഐശാഭായി അറിയിച്ചു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍, സ്കൂളുകളും ഓഫിസുകളും കേന്ദ്രീകരിച്ചുള്ള ശുചീകരണ-ബോധവത്കരണ പരിപാടികള്‍ എന്നിവയാണ് പ്രധാനമായും ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനായി ഈ മാസം 22 മുതല്‍ ആരോഗ്യ വിഭാഗം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ജലസ്രോതസ്സുകളില്‍ ക്ളോറിനേഷന്‍ വഴി ശുദ്ധീകരണം, മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ബ്ളീച്ചിങ് പൗഡര്‍ വിതറി രോഗാണു നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്‍െറ ഭാഗമായി നടത്തിയത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്നാഴ്ചയോളം ഡ്രൈ ഡേ ആചരിക്കും. ഇതിന്‍െറ ഭാഗമായി കൊതുകുകള്‍ പെറ്റുപെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അവയുടെ പ്രജനനം തടയുന്നതിന് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ എല്ലാ ആശുപത്രികളിലും രണ്ട് മാസത്തേക്കുള്ള മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. സ്റ്റോക്കില്ലാത്ത മരുന്നുകള്‍ വിവിധ ഫണ്ടുകളില്‍നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും സാധാരണ കണ്ടുവരുന്ന രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ നടപടികളെക്കുറിച്ച് മാര്‍ച്ചിന് മുമ്പുതന്നെ ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കുമായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലെ ജീവനക്കാരും ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരുമാണ് നേതൃത്വം നല്‍കുന്നത്. ബുധനാഴ്ചകളില്‍ പ്രത്യേക അസംബ്ളി വിളിച്ചുചേര്‍ത്ത് സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ക്കെതിരെ പ്രാഥമികമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുകയാണ് പ്രധാന പരിപാടി. വെള്ളിയാഴ്ചകളില്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ഡ്രൈ ഡേ ആചരിക്കാനും സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം ജില്ലയില്‍ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞമാസം ചങ്ങനാശേരിയിലെ ചില പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡെങ്കിപ്പനി എന്ന് സംശയിക്കുന്ന ചില കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.