കാസര്‍കോട്: മുടങ്ങിയ ഇ- മണല്‍ ബുക്കിങ് പുനരാരംഭിച്ചിട്ടും ജനങ്ങളുടെ പ്രയാസത്തിന് പരിഹാരമായില്ല. നാലര മാസമായി നിര്‍ത്തിവെച്ച പുഴ മണല്‍ ബുക്കിങ് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. അക്ഷയ സെന്‍ററുകളിലും സ്വകാര്യ ബുക്കിങ് കേന്ദ്രങ്ങളിലും ദിവസേന നൂറുകണക്കിനാളുകളാണ് പുഴ മണല്‍ ബുക് ചെയ്യാനെത്തുന്നത്. എന്നാല്‍, മണിക്കൂറുകള്‍ കാത്തിരുന്നാലും ബുക്കിങ് നടത്താനാവാതെ മടങ്ങേണ്ട സ്ഥിതിയാണ്. ജില്ലയുടെ ഇ-സര്‍വീസുകള്‍ക്കുള്ള സര്‍ക്കാര്‍ വെബ്സൈറ്റായ ജി-സ്പീക്കിലാണ് ഓണ്‍ ലൈനായി പുഴ മണല്‍ പാസിന് ബുക് ചെയ്യേണ്ടത്. കണ്‍സ്യൂമര്‍ നമ്പറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷമാണ് ബുക്കിങ്. പ്രതിദിനം 13 ടണ്‍ മണല്‍ ഇങ്ങനെ ബുക് ചെയ്യാമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പോലും ഏറെ നേരം ശ്രമിക്കേണ്ടിവരുന്നു. ലോഗിന്‍ ചെയ്താല്‍ കടവ് തെരഞ്ഞെടുത്ത് മണല്‍ ലഭ്യമാകുന്ന ദിവസം കണ്ടെത്തി ബുക് ചെയ്യുന്നതിന് മുമ്പുതന്നെ വെബ്സൈറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. ഇതുകാരണം ദിവസങ്ങളോളം ശ്രമിച്ചിട്ടും ബുക്കിങ് നടത്താനാവാത്ത അവസ്ഥയിലാണ് പലരും. വെബ് സൈറ്റിന്‍െറ സര്‍വര്‍ തകരാറാണ് തടസ്സത്തിന് കാരണമെന്നും ഒരേ സമയം നിരവധിയാളുകള്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതാണ് സര്‍വര്‍ തകരാറിലാകാന്‍ ഇടയാക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ആവശ്യകതക്കനുസരിച്ച് സര്‍വറിന്‍െറ ശേഷി വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കാലവര്‍ഷം തുടങ്ങും മുമ്പ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നവരും അറ്റകുറ്റപ്പണി തുടങ്ങിയവരും മണല്‍ കിട്ടാതെ പരക്കം പായുകയാണ്. ഇ-മണല്‍ ബുക്കിങ് അപാകതകള്‍ പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.