മഞ്ചേരി മെഡിക്കല്‍ കോളജ്: ജനറല്‍ ആശുപത്രി ഇല്ലാതാകും

മഞ്ചേരി: മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് വരുമ്പോള്‍ നിലവിലെ ജനറല്‍ ആശുപത്രി ഇല്ലാതാവുമെന്ന് ഏറെക്കുറെ ഉറപ്പായി. ജനറല്‍ ആശുപത്രിതന്നെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനാലാണിത്. പാലക്കാട് മെഡിക്കല്‍ കോളജിന് വേണ്ടി കൃത്യം രണ്ടുവര്‍ഷത്തേക്ക് മാത്രം പാലക്കാട് ജില്ലാ ആശുപത്രിവിട്ടു നല്‍കി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയപ്പോഴാണ് മഞ്ചേരി ജനറല്‍ ആശുപത്രിക്ക് ഈ ഗതികേട്. പുതുതായി മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്ന ഇടുക്കി, കാസര്‍കോട്, ഹരിപ്പാട്, വയനാട് തുടങ്ങി എല്ലായിടത്തും മെഡിക്കല്‍ കോളജിന്‍െറ പേരില്‍ നിലവിലുള്ള സൗകര്യം ഒന്നും നഷ്ടപ്പെടില്ളെന്ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഉറപ്പ് നല്‍കുമ്പോഴാണ് മഞ്ചേരിയില്‍ ഇത് അട്ടിമറിക്കപ്പെട്ടത്. ജനപ്രതിനിധികളുടെ പിടിപ്പുകേടുകാരണം 500 ബെഡുള്ള ജനറല്‍ ആശുപത്രിയാണ് ഇല്ലാതാവുന്നത്. കഴിഞ്ഞ ഫെബ്രുവരി 12നാണ് പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ ഉത്തരവ് പുറത്തിറങ്ങിയത്. പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ ക്ളിനിക്കല്‍ സൗകര്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ജില്ലാ ആശുപത്രി ഉപയോഗപ്പെടുത്താമെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജിനായി ആശുപത്രി സ്ഥാപിക്കുമെന്നും ഉത്തരവിലുണ്ട്. പുതുതായി വരുന്ന മെഡിക്കല്‍ കോളജുകളില്‍ മഞ്ചേരിയില്‍മാത്രം നിലവിലുള്ള സ്ഥാപനം നഷ്ടമാവുമെന്നത് വകുപ്പ് സെക്രട്ടറി പോലും അറിയുന്നത് മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുമ്പോഴാണ്. മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ഉയര്‍ന്ന ആവശ്യം നിലവിലുള്ള ജനറല്‍ ആശുപത്രി, പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന മാതൃ-ശിശു ആശുപത്രി എന്നിവ അവിടെ തന്നെ പ്രവര്‍ത്തിക്കണമെന്നും മെഡിക്കല്‍ കോളജിന് പുതിയ സ്ഥലം കണ്ടത്തെണമെന്നുമായിരുന്നു. ജനറല്‍ ആശുപത്രിയിലെ 148 ബെഡ്, ആഴ്ചയില്‍ രണ്ട് ദിവസം മുഴുവന്‍ ഒ.പികള്‍, ഒരു ദിവസം തിയറ്റര്‍ മുഴുവനായും എന്നിങ്ങനെ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിന് നല്‍കി ഒരുമാസം മുമ്പ് ഉത്തരവിറങ്ങി. നിലവിലെ ജനറല്‍ ആശുപത്രി ഇല്ലാതാക്കി മെഡിക്കല്‍ കോളജാക്കുകയാണെന്ന് പരസ്യമായി പറയാതെയാണ് ഇത്രയും നടന്നത്. നിലവിലെ സൗകര്യങ്ങള്‍ പകുത്ത് നല്‍കി ഉത്തരവിറങ്ങിയതോടെ ജനറല്‍ ആശുപത്രിക്ക് കോട്ടം തട്ടില്ളെന്ന എം.എല്‍.എയടക്കമുള്ളവരുടെ ഉറപ്പുകള്‍ പൊള്ളയാണെന്നും വ്യക്തമായി. പുതുതായി മെഡിക്കല്‍ കോളജ് വരുന്നിടത്തെല്ലാം 50 ഏക്കര്‍ വീതം ഭൂമി സര്‍ക്കാര്‍ പണം നല്‍കി കണ്ടത്തെിയപ്പോള്‍ മഞ്ചേരിയില്‍ ഭൂമിക്ക് ഫണ്ടില്ളെന്നും ഭൂമി ലഭിക്കാനില്ളെന്നും അധികൃതര്‍ വാദിച്ചു. ഇതോടെ മഞ്ചേരി മുനിസിപ്പല്‍ പരിധിയില്‍ മാത്രം നാലിടത്ത് പൊതുപ്രവര്‍ത്തകര്‍ ഭൂമി ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.